മാമ്പഴം ഇഷ്ടപ്പെടാത്തവർ വിരളമായിരിക്കും. നല്ല പഴുത്ത മധുരമുള്ള മാങ്ങ മുറിച്ചു കയ്യിൽ തന്നാൽ കഴിക്കാത്തവരുണ്ടാകില്ല. മാമ്പഴ പ്രേമികളായ മലയാളികൾ മിക്കവരുടേയും വീട്ടിൽ ഒരു മാവെങ്കിലും ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. കൊതിയോടെ നാം അകത്താക്കുന്ന മാമ്പഴത്തിൽ വിറ്റാമിൻ എ, സി, കെ എന്നീ പോഷകങ്ങളും കോപ്പർ, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. മാമ്പഴം കഴിക്കുന്നത് ദഹന പ്രക്രിയയ്‌ക്കും ഗുണം ചെയ്യും.
എന്നാൽ എന്തും അമിതമായി കഴിച്ചാൽ അത്ര നല്ലതല്ലെന്ന് നമുക്കറിയാം. അതുപോലെ മാമ്പഴം ഒരുപരിധിയിൽ കൂടുതൽ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാണ്. അതിനാൽ മിതമായ അളവിൽ മാമ്പഴം കഴിക്കേണ്ടത് പ്രധാനമാണ്. മാമ്പഴം കൂടുതലായി കഴിച്ചാലുണ്ടാകുന്ന ദൂഷ്യഫലങ്ങൾ നോക്കാം..
മാമ്പഴം രക്തസമ്മർദ്ദം വർധിപ്പിക്കും: പഴുത്ത മാങ്ങ ഒരുപാട് കഴിച്ചാൽ അവ രക്തത്തിലെ ഷുഗർ ലെവൽ കൂട്ടുമെന്നാണ് ആരോഗ്യവിദഗ്ധർ അറിയിക്കുന്നത്. മാമ്പഴത്തിൽ പ്രകൃതിദത്തമായി തന്നെ ഉയർന്ന അളവിൽ മധുരം അടങ്ങിയിട്ടുണ്ട്. മാങ്ങയുടെ തൊലിയിലാണ് ഫൈബർ ഇരിക്കുന്നത്. എന്നാൽ നാം തൊലി ചെത്തിക്കളഞ്ഞ് കഴിക്കുമ്പോൾ ശരീരത്തിലേക്ക് എത്തുന്ന ഫൈബറിന്റെ അംശം കുറയുന്നു. ഇതുവഴി കഴിക്കുന്ന മാങ്ങ പെട്ടെന്ന് ദഹിച്ച് പോകുകയും ഇത് രക്തസമ്മർദ്ദം കൂട്ടുകയും ചെയ്യും.
മാമ്പഴം അലർജിക്ക് കാരണമായേക്കാം: മാമ്പഴത്തിൽ ലാറ്റക്സിന് സമാനമായ ചില പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. പലർക്കും ഇത് അലർജി ഉണ്ടാക്കിയേക്കാം. ഈ അലർജികൾ ചൊറിച്ചിൽ, ചർമ്മത്തിലെ ചുവപ്പ്, ശ്വസന പ്രശ്‌നങ്ങൾ എന്നിവയിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
ശരീരഭാരം കൂട്ടുന്നു: മാമ്പഴത്തിൽ ഉയർന്ന അലവിൽ കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർദ്ധിപ്പിക്കും. ഉയർന്ന കലോറിയോടൊപ്പം ഷുഗർ ലെവലും അധികമായതിനാൽ ഭാരം വർദ്ധിക്കുന്നതിന് കൂടുതൽ കാരണമാകുന്നു. അതിനാൽ, ദിവസേന കഴിക്കുന്ന മാമ്പഴങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് നല്ലതാണ്.
Comments