നെടുമ്പാശേരി: ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കുരുവിയെ കണ്ടെത്തിയ സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം ആരംഭിച്ചു. വിമാനം 37,000 അടി ഉയരത്തിൽ പറന്നു കൊണ്ടിരിക്കുമ്പോഴാണ് കോക്പിറ്റിൽ കുരുവിയെ കണ്ടത്.
കൊച്ചിയിൽ നിന്ന് ബഹ്‌റൈനിലേക്കും തിരിച്ചുമായിരുന്നു വിമാനത്തിന്റെ സർവ്വീസ്. മടക്കയാത്രയ്‌ക്ക് മുൻപായി പരിശോധന നടത്തിയപ്പോഴും പക്ഷിയെ കണ്ടിരുന്നു. പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ഇതിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
തനിയെ പറന്നു പോകുന്നതിനായി ഫ്‌ളൈറ്റ് ഡെക്കിന്റെ ജനലുകളും തുറന്നിട്ടു. അൽപ്പസമയത്തിന് ശേഷം നോക്കിയപ്പോൾ കുരുവിയെ കണ്ടില്ല. ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെ, പറക്കുമ്പോള്‍ ഗ്ലാസ് കംപാർട്‌മെന്റിന്റെ അടുത്തായി വീണ്ടും ഈ കുരുവിയെ പൈലറ്റുമാർ കണ്ടു.
വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്തതിന് ശേഷം കുരുവിയെ പിടികൂടി പറത്തിവിട്ടു. സംഭവത്തിൽ സുരക്ഷാ വീഴ്ച കണക്കിലെടുത്താണ് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിസിഎ വിമാനക്കമ്പനിയോട് ആവശ്യപ്പെട്ടത്.
















Comments