പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ച് ആസ്ഥാനത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്റ് പരിശോധന നടന്നത് ഫെമ ചട്ടലംഘന ആരോപണത്തെ തുടർന്നാണെന്ന് റിപ്പോർട്ട്. ഫോറിൻ എക്‌സേഞ്ച് മാനേജ്‌മെന്റ് ആക്ട് (FEMA) ലംഘിച്ച് ബിലീവേഴ്‌സ് ചർച്ച് ഇടപാടുകൾ നടത്തിയെന്ന് ഷാജ് കിരൺ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിദേശ നിക്ഷേപം സംബന്ധിച്ച രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചു. പരിശോധന പൂർത്തിയാക്കിയ ഇഡി സംഘം തിരുവല്ലയിൽ നിന്നും മടങ്ങി.
ബിലീവേഴ്‌സ് ചർച്ചിന്റെ തിരുവല്ലയിലെ ആസ്ഥാനത്ത് ഇന്നലെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന ആരംഭിച്ചത്. കുറ്റപ്പുഴയിലെ സഭാ ആസ്ഥാന ഓഫീസ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്, സഭാ മാനേജർ സിജോ പന്തപ്പള്ളിയുടെ വീട് എന്നിവിടങ്ങളിലായിരുന്നു തിങ്കളാഴ്ച രാവിലെ മുതൽ റെയ്ഡ് നടത്തിയത്. ഇഡി ഓഫീസിലെ 40 ഓളം പേരടങ്ങുന്ന സംഘം റെയ്ഡിനെത്തിയിരുന്നു.
കോടിയേരി ബാലകൃഷണൻ അടക്കമുള്ള സിപിഎം നേതാക്കളുടെ പണം വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണെന്നായിരുന്നു ഷാജ് കിരണിന്റെ വെളിപ്പെടുത്തൽ. സ്വപ്ന സുരേഷുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ഷാജ് കിരൺ ഇക്കാര്യം സൂചിപ്പിച്ചിരുന്നത്. സംസ്ഥാന സർക്കാരിൽ ഉയർന്ന ചുമതലയുള്ള പലരുടെയും പണം വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണെന്നായിരുന്നു ഷാജ് സ്വപ്‌നയോട് പറഞ്ഞിരുന്നത്.
ഇത് സംബന്ധിച്ച ഫോൺ സംഭാഷണം സ്വപ്‌ന പുറത്തുവിട്ടതോടെ പ്രതികരണവുമായി ഷാജ് കിരൺ എത്തിയിരുന്നു. ചില മാദ്ധ്യമവാർത്തകൾ കണ്ട് പറഞ്ഞതാണെന്നും വ്യക്തിപരമായി ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ഷാജിന്റെ പ്രതികരണം. ബിലീവേഴ്സ് ചർച്ചുമായി തനിക്കൊരു ബന്ധമില്ലെന്നും ഷാജ് കിരൺ അവകാശപ്പെട്ടിരുന്നു. എന്നാൽ ആരോപണം ഗുരുതരമായതിനാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായി. നേരത്തെയും വിദേശ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിലീവേഴ്‌സിന്റെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് ഉൾപ്പെടെ പരിശോധനകൾ നടത്തിയിരുന്നു.
Comments