ചണ്ഡീഗഢ്: ഹരിയാനയിൽ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ഖനന മാഫിയ സംഘാംഗം ലോറി കയറ്റി കൊലപ്പെടുത്തി. തൗരു ഡിഎസ്പി സുരേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന് നിമിഷങ്ങൾക്കുള്ളിൽ പ്രതിയെ പോലീസ് വെടിവെച്ച് വീഴ്ത്തി.
ഖനന മാഫിയ അനധികൃതമായി പാറ കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് നൂഹ് ജില്ലയിൽ പരിശോധന നടത്തുകയായിരുന്നു സുരേന്ദ്ര സിംഗും ഒപ്പമുള്ള പോലീസുകാരും. ഇവരുടെ മുന്നിലേക്ക് ലോഡുമായി വന്ന ലോറിക്ക് സുരേന്ദ്ര സിംഗും സംഘവും കൈ കാണിച്ചു. പോലീസ് സംഘത്തിന് നേർക്ക് ലോറി ഓടിച്ചു കയറ്റിയ ഡ്രൈവർ, സുരേന്ദ്ര സിംഗിനെ ഇടിച്ചു വീഴ്ത്തി ശരീരത്തിലൂടെ വാഹനം കയറ്റി ഇറക്കുകയായിരുന്നു.
മറ്റ് പോലീസുകാർ ഓടി മാറിയതിനാൽ മരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടു. സുരേന്ദ്ര സിംഗിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിരമിക്കാൻ ഒരു മാസം മാത്രം ബാക്കിയുള്ള ഉദ്യോഗസ്ഥനാണ് സുരേന്ദ്ര സിംഗ് എന്നാണ് വിവരം. സുരേന്ദ്ര സിംഗിന്റെ ജീവത്യാഗം വേദനാജനകമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. അദ്ദേഹത്തിന്റെ ആശ്രിതർക്ക് ഒരു കോടി രൂപ സാമ്പത്തിക സഹായം നൽകുമെന്നും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും ഹരിയാന മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പോലീസിന് നിർദ്ദേശം നൽകി. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ, കൊലപാതകം നടത്തിയ ഡ്രൈവർ ഇക്കാദിനെ കണ്ടെത്തി. വീണ്ടും പോലീസിനെ ആക്രമിച്ച് കടന്ന് കളയാൻ ശ്രമിച്ച ഇയാളെ ഉദ്യോഗസ്ഥർ വെടിവെച്ച് വീഴ്ത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇക്കാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി ഹരിയാന പോലീസ് അറിയിച്ചു.
Comments