ഉദ്ധവിന് ലോക്‌സഭയിലും തിരിച്ചടി നൽകി ഷിൻഡെ; രാഹുൽ ഷെവാലെ കക്ഷിനേതാവ്; സ്പീക്കർ അംഗീകരിച്ചു; ലോക്‌സഭയിൽ ബിജെപിയുടെ കരുത്ത് കൂടും

Published by
Janam Web Desk

ന്യൂഡൽഹി: ഉദ്ധവ് താക്കറെയ്‌ക്ക് ലോക്‌സഭയിലും തിരിച്ചടി നൽകി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. തന്നെ അനുകൂലിക്കുന്ന എംപിമാരുടെ ലോക്‌സഭാ കക്ഷി നേതാവായി രാഹുൽ ഷെവാലെയെ അംഗീകരിക്കണമെന്ന ഏകനാഥ് ഷിൻഡെയുടെ ആവശ്യം ലോക്‌സഭാ സ്പീക്കർ ഓം ബിർള അംഗീകരിച്ചു. മഹാരാഷ്‌ട്രയിൽ ബിജെപി പിന്തുണയോടെയാണ് ഷിൻഡെ സർക്കാർ ഭരിക്കുന്നത്. കേന്ദ്രത്തിലും ഷിൻഡെ അനുകൂല എംപിമാരുടെ പിന്തുണ ബിജെപിക്ക് ലഭിക്കും. അതുകൊണ്ടു തന്നെ ലോക്‌സഭയിൽ ഇത് ബിജെപിയുടെ കരുത്ത് കൂട്ടും.

മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഷിൻഡെ ഇക്കാര്യം അറിയിച്ചത്. ശിവസേനയുടെ 19 എംപിമാരിൽ 12 പേരാണ് ഷിൻഡെയ്‌ക്ക് ഒപ്പം ഉളളത്. 12 എംപിമാരും സ്പീക്കറെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നതായി ഷിൻഡെ പറഞ്ഞു. ലോക്‌സഭയിലെ ചീഫ് വിപ്പായി ഭാവനാ ഗവാലിയെ തിരഞ്ഞെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.

മഹാരാഷ്‌ട്രയിലെ ജനങ്ങളുടെ താൽപര്യപ്രകാരമാണ് എംപിമാർ ഇത്തരത്തിൽ ഒരു നീക്കം നടത്തിയതെന്ന് ഷിൻഡെ ചൂണ്ടിക്കാട്ടി. ഹേമന്ദ് ഗോഡ്‌സെ, രാജേന്ദ്ര ഗവിത്, സദാശിവ് ലൊഖാന്ദെ, ഹേമന്ദ് പാട്ടീൽ, സഞ്ജയ് മാണ്ഡ്‌ലിക്, ധൈര്യശീൽ മാനെ, ശ്രീരംഗ് ബർണെ, കൃപാൽ തുമാനെ, പ്രതാപ് റാവു ജാദവ് എന്നിവരാണ് ഷിൻഡെയെ അനുകൂലിക്കുന്ന മറ്റ് എംപിമാർ.

ഉദ്ധവിന്റെ വലംകൈയ്യായ സഞ്ജയ് റാവത്ത് എംപിമാരുമായി ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ മാസമാണ് ഉദ്ധവ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ഷിൻഡെയുടെ നേതൃത്വത്തിൽ 38 എംഎൽഎമാർ മഹാ വികാസ് അഖാഡി സഖ്യത്തിന് പിന്തുണ പിൻവലിച്ചത്. തുടർന്ന് ഉദ്ധവ് രാജിവെയ്‌ക്കുകയും ഷിൻഡെ മുഖ്യമന്ത്രിയായും ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് ഉപമുഖ്യമന്ത്രിയായും പുതിയ സർക്കാർ അധികാരത്തിലേറുകയായിരുന്നു.

Share
Leave a Comment