തിരുവനന്തപുരം : ലഹരിക്കടത്ത് കേസ് പ്രതിയുടെ അടിവസ്ത്രം മാറ്റിവെച്ച് കോടതിയെ കബളപ്പിച്ച മന്ത്രി ആന്റണി രാജുവിനെതിരെ കുരുക്ക് മുറുകുന്നു. അടിവസ്ത്രത്തിലെ തുന്നൽ പുതിയതാണെന്നാണ് പുതിയ കണ്ടെത്തൽ. ഫൊറന്‍സിക് പരിശോധനയിലാണ് ഈ നിർണായക വിവരം പുറത്തുവന്നത്.
അടിവസ്ത്രത്തിൽ ക്രമക്കേട് നടന്നുവെന്ന് ജോ. ഡയറക്ടർ പി. വിഷ്ണു പോറ്റി ശരിവെച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലഹരിക്കേസിലെ പ്രതിയായ ആൻഡ്രൂ സാൽവദോർ സാർവലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെയും കോടതിയിലെ ക്ലാർക്കായിരുന്ന ജോസിനെതിരെയും കേസെടുത്തത്.
1996 ജൂലൈ 1 ന് ഇത് സംബന്ധിച്ച് റിപ്പോർട്ട് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറിയിരുന്നു. കീഴ്‌ക്കോടതിയിൽ ഹാജരാക്കിയിരുന്ന പ്രതിയുടെ അടിവസ്ത്രം, ഹൈക്കോടതിയിൽ എത്തിയപ്പോൾ മാറ്റം വന്നിരുന്നുവെന്നാണ് കണ്ടെത്തൽ. അടിവസ്ത്രം വെട്ടിച്ചുരുക്കി തുന്നുകയായിരുന്നു. ഈ നൂലുകളും തുന്നലും തമ്മിൽ വ്യത്യാസമുണ്ടെന്നും അത് അടുത്തിടെ തുന്നി ചേർത്തതാണെന്നും ഫൊറൻസിക് ശരിവെക്കുന്നു.
നാല് മാസത്തോളം കാലം തൊണ്ടിമുതലായ അടിവസ്ത്രം പ്രതിഭാഗം അഭിഭാഷകന്റെ കൈവശമായിരുന്നു. ഈ സമയത്താകാം അടിവസ്ത്രം വെട്ടിക്കുറച്ചത് എന്നാണ് കണ്ടെത്തൽ. കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയും ഇത് കൂടുതൽ വിവാദമാകുകയും ചെയ്തതോടെ ആന്റണി രാജുവിന് നേരെയുളള കുരുക്ക് മുറുകുകയാണ്.
















Comments