കൊണ്ടോട്ടി: കെഎസ്എഫ്ഇ ശാഖയിൽ നിന്ന് കുറി വിളിച്ച് വ്യാജരേഖകൾ ഉപയോഗിച്ച് അരക്കോടി രൂപ തട്ടിയെടുത്ത കേസിൽ മുൻ മാനേജർ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് കക്കോടി മോറിക്കര സ്വദേശി ജയജിത്ത്(42), മുൻ മാനേജർ കൊമ്മേരി സ്വദേശി സന്തോഷ് (53) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
2016-18 വർഷങ്ങളിലാണ് സാമ്പത്തിക തട്ടിപ്പ് നടന്നത്. അന്ന് കൊണ്ടോട്ടി കെഎസ്എഫ്ഇയിൽ മാനേജർ ആയിരുന്ന സന്തോഷിന്റെ സഹായത്തോടെ കുറിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ജയജിത്തും ബന്ധുക്കളും സുഹൃത്തുക്കളും കുറിയിൽ ചേരുകയും കുറി വിളിച്ച് വ്യാജരേഖകളിലൂടെ ലക്ഷങ്ങൾ തട്ടിയെന്നുമാണ് പരാതി.
കുറികളുടെ തിരിച്ചടവ് മുടങ്ങിയപ്പോൾ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്. തുടർന്നാണ് നിലവിലെ മാനേജർ പോലീസിൽ പരാതി നൽകിയത്. വകുപ്പുതല അന്വേഷണത്തിൽ സന്തോഷിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
















Comments