ചണ്ഡീഗഡ്: ഗായകൻ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഷാർപ്പ് ഷൂട്ടറെ ഏറ്റുമുട്ടലിൽ വധിച്ച് പോലീസ്. അമൃത്‌സറിലെ അട്ടാരി അതിർത്തിയ്‌ക്ക് സമീപമായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ട പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ സംഘത്തിലെ മൂന്ന് പേരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇവരിൽ കൊടും കുറ്റവാളി രൂപ, ഇയാളുടെ സുഹൃത്ത് മന്നു കുസ എന്നിവർ പാക് അതിർത്തിയ്‌ക്ക് സമീപമുള്ള ചിച്ച ഭക്‌ന ഗ്രാമത്തിൽ ഒളിച്ചു കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചാബ് പോലീസ് ഇവിടെയെത്തിയത്.
ഒളിത്താവളം വളഞ്ഞ പോലീസിന് നേർക്ക് പ്രതികൾ വെടിയുതിർക്കാൻ ആരംഭിച്ചു. ഇതോടെ പോലീസും ശക്തമായി തിരിച്ചടിച്ചു. ഇതിലാണ് ഒരാൾ കൊല്ലപ്പെട്ടത്. രണ്ടാമത്തെ പ്രതിയ്‌ക്കായി പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. കുപ്രസിദ്ധ ഗാംഗ്സ്റ്റർ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽപ്പെട്ടവരാണ് ഇവരെന്നാണ് റിപ്പോർട്ടുകൾ. മെയ് 29 നായിരുന്നു സിദ്ധു മൂസേവാല കൊല്ലപ്പെട്ടത്.
Comments