ബെൽജിയം: ചൈനയിലെ വ്യാപാര അന്തരീക്ഷത്തിൽ ആശങ്ക അറിയിച്ച് യൂറോപ്യൻ യൂണിയൻ. ചൈനയിൽ വർദ്ധിച്ചു വരുന്ന രാഷ്‌ട്രീയ വൽക്കരണത്തിലും യുക്രെയ്ൻ -റഷ്യൻ യുദ്ധത്തിലും ഇയു എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വൽഡിസ് ഡോംബ്രോവ്‌സ്‌കിസ് ആശങ്ക ഉന്നയിച്ചു. ഒൻപതാമത് സാമ്പത്തിക വ്യാപാര ചർച്ചയിലാണ് ( എച്ച്ഇഡി) അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തിൽ ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ കമ്പനികൾ രാജ്യത്ത് നിലവിലുള്ള പ്രവർത്തനങ്ങളും നിക്ഷേപങ്ങളും പുനപരിശോധിക്കുമെന്ന് ഇയു വ്യക്തമാക്കി.
ആഗോള സാമ്പത്തിക പ്രതിസന്ധികൾ, മഹാമാരി വിതരണമേഖലയിൽ സൃഷ്ടിച്ച തടസ്സങ്ങൾ, യുക്രെയ്‌നിൽ റഷ്യയുടെ കടന്നുകയറ്റം തുടങ്ങിയവ ചർച്ചയിൽ പ്രധാന വിഷയങ്ങളായിരുന്നു. സാമ്പത്തിക സേവനങ്ങളിലെ സഹകരണം, ഊർജ്ജമേഖലയിലെ പ്രതിസന്ധികൾ എന്നിവയിൽ ഉഭയകക്ഷി ചർച്ചയും സംഘടിപ്പിച്ചു.യുക്രെയ്ൻ യുദ്ധം ആഗോള തലത്തിൽ സമ്പദ്ഘടനയെയും സുരക്ഷയെയും ബാധിക്കുന്നുണ്ടെന്ന് ഡോംബ്രോവ്‌സ്‌കിസ് അറിയിച്ചു. യൂറോപ്യൻ യൂണിയനും ചൈനയുമായി സന്തുലിതമായ വ്യാപാരവും നിക്ഷേപവും നിലനിർത്തണമെങ്കിൽ തുടർച്ചയായ ഇടപെടലുകൾ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏപ്രിലിൽ ഇയു-ചൈന ഉച്ചകോടിയ്‌ക്ക് ശേഷം തുടർ ചർച്ചകൾക്കായുള്ള തിയതി നിശ്ചയിക്കുന്നത് പരാജയപ്പെട്ടതിനു ശേഷമുള്ള കൂടിക്കാഴ്ചയാണ് ഇപ്പോൾ നടന്നത്. യൂറോപ്യൻ യൂണിയനും ചൈനയും പ്രധാന വ്യാപാര പങ്കാളികളാണ്. 2021 ൽ ഇയുവിന്റെ ചരക്ക് കയറ്റുമതിയിൽ മൂന്നാമത്തെ വലിയ പങ്കാളിയാണ് ചൈന.
















Comments