യൂറോപ്പിൽ കനത്ത ചൂട് ജനജീവിതത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിനിടെ ചൂടിൽ റോഡ് ഉരുകിയെന്ന വാർത്തയാണ് യുകെയിൽ നിന്ന് വരുന്നത്. യുകെയിൽ താപനില റെക്കോർഡ് കടന്നിരിക്കുകയാണ്. ഇവിടെ റോഡുകൾ പോലും ഉരുകിപ്പോകും വിധം രൂക്ഷമാണ് ചൂട്.
മാഞ്ചസ്റ്ററിലെ സ്റ്റോക്ക്പോർട്ട് പട്ടണത്തിൽ, തിരക്കേറിയ ഒരു തെരുവിലെ റോഡ് ഈ ആഴ്ച ആദ്യം ഉരുകി പോയതായി മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കാറുകൾ കുളങ്ങളിലൂടെ കടന്നുപോകുന്നത് പോലെയായിരുന്നു ശബ്ദം എന്ന് ദൃസാക്ഷി പറഞ്ഞു. ‘ യുകെയിലെ റോഡ് സർഫേസ് ട്രീറ്റ്‌മെന്റ് അസോസിയേഷൻ പറയുന്നത് റോഡുകൾ ഉരുകുന്നതിന് താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തണമെന്നാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ താപനില ശരാശരിയേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ രാജ്യത്ത് കൂടുതൽ റോഡ് ഉരുകൽ സംഭവങ്ങൾക്ക് സാധ്യതയുണ്ടെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു.
ഉരുകിയ റോഡുകളിൽ മൃദുവായ ബിറ്റുമിൻ ആഗിരണം ചെയ്യാൻ കരിങ്കൽ പൊടി വിതറിയാണ് പ്രാദേശിക ഭരണകൂടം മുൻകരുതലെടുക്കുന്നത്. പടിഞ്ഞാറൻ യൂറോപ്പിൽ കാട്ടുതീ പൊട്ടിപ്പുറപ്പെടാൻ കാരണമായത് തീവ്രമായ ഉഷ്ണതരംഗമാണ്. യുകെയിലെ താപനില ജൂലൈ 19ന് ആദ്യമായി 40 ഡിഗ്രി സെൽഷ്യസ് കടന്നു. യൂറോപിലെ ജനങ്ങളെ സംബന്ധിച്ച് ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്.
ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ, ചൂട് കാരണം റെയിൽവേ ലൈനുകളും സ്‌കൂളുകളും അടച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. ഉയരുന്ന താപനില കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏറ്റവും മോശമായത് ഇനിയും വരാനിരിക്കുന്നതായി വിദഗ്ധർ പറഞ്ഞു.
ഉഷ്ണതരംഗം ‘കൂടുതൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നു, ഈ മോശം പ്രവണത കുറഞ്ഞത് 2060കൾ വരെ തുടരുമെന്ന് മുന്നറിയിപ്പ് നൽകുന്നു. ‘ഭാവിയിൽ ഇത്തരം ഉഷ്ണതരംഗങ്ങൾ സാധാരണമായിരിക്കും, അതിലും ശക്തവും തീവ്രവുമായ ദുരന്തങ്ങൾ ഇനിയു ആവർത്തിച്ചേക്കാം’ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനെ ഉദ്ധരിച്ച് എഎഫ്പി പറഞ്ഞു.
Comments