പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ധാരാളം സ്ഥലങ്ങൾ നമ്മുടെ ഈ ഭൂമിയിലുണ്ട്. ഇത്തരം ഇടങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായി നിരവധി ആളുകളായിരിക്കും എത്തുന്നത്. എന്നാൽ അതിമനോഹരമായ സ്ഥലങ്ങളായിരുന്നിട്ട് കൂടി സുരക്ഷാ കാരണങ്ങളാൽ മനുഷ്യർക്ക് എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങളും ഇവിടെയുണ്ട്. ഇൽഹ ഡ ക്യുമാഡ ഗ്രാൻഡെ എന്ന ദ്വീപ് ആ ഗണത്തിൽ പെടുന്ന ഒന്നാണ്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറാനുള്ള എല്ലാ സാധ്യതയും ഉള്ള ഒരു പ്രദേശമാണിത്. എന്നാൽ അതിന് തടസ്സമെന്ന് പറയുന്നത് ഇവിടെയുള്ള പാമ്പുകളാണ്. ആയിരക്കണക്കിന് വിഷമുള്ള പാമ്പുകളാണ് ഈ ദ്വീപിലൂടെ ഇഴഞ്ഞു നടക്കുന്നത്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ഒന്നാണിത്.
ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്തിന്റെ ഭാഗമാണ് ഈ പ്രദേശം. 43 ഹെക്ടർ വലിപ്പം മാത്രമാണ് ഈ ദ്വീപിനുള്ളത്. വംശനാശഭീഷണി നേരിടുന്ന ഗോൾഡൻ ലാൻസ്‌ഹെഡ് പിറ്റ് വെപ്പർ എന്ന പാമ്പുകളുടെ പ്രകൃതിദത്ത ആവാസകേന്ദ്രം കൂടിയാണിത്. കടുത്ത വിഷമുള്ള പാമ്പുകളാണിത്. സ്ഥലത്തെത്തുന്ന പക്ഷികളാണ് ഇവിടുത്തെ പാമ്പുകളുടെ പ്രധാനഭക്ഷണം.
പൊതുജനങ്ങൾക്ക് ഒരിക്കലും ഈ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കാറില്ല. ബ്രസീൽ നാവികസേനാംഗങ്ങൾ, പാമ്പു ഗവേഷകർ തുടങ്ങിയവർക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്. ബ്രസീലിയൻ നേവിയുടെ ഒരു ലൈറ്റ് ഹൗസും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അതേസമയം പണ്ടുകാലത്ത് ഇവിടം ജനവാസ മേഖല ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്. പാമ്പുകളുടെ ശല്ല്യം രൂക്ഷമായതോടെ ജനങ്ങൾ ഇവിടം ഉപേക്ഷിച്ച് പോയതാണെന്നും പറയപ്പെടുന്നു.
Comments