മുംബൈ : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ(എൻസിപി) ദേശീയതലത്തിലെ യൂണിറ്റുകൾ പിരിച്ചുവിട്ട് പാർട്ടി അദ്ധ്യക്ഷൻ ശരദ് പവാർ. മഹാരാഷ്‌ട്രയിലെ ഭരണമാറ്റത്തിന് പിന്നാലെയാണ് ശരദ് പവാർ പാർട്ടിയിലെ ചില ഘടകങ്ങളും സെല്ലുകളും പിരിച്ചുവിട്ടത്. എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‘നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് ശരദ് പവാറിന്റെ അംഗീകാരത്തോടെ, പാർട്ടിയിലെ ചില ഘടകങ്ങളും സെല്ലുകളും അടിയന്തിര പ്രാബല്യത്തിൽ പിരിച്ചുവിട്ടുവെന്ന് അദ്ദേഹം അറിയിച്ചു. നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്, നാഷണലിസ്റ്റ് സ്റ്റുഡന്റ്‌സ് കോൺഗ്രസ് എന്നീ സംഘടനകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
മഹാരാഷ്‌ട്രയിലെ മഹാ വികാസ് അഖാഡി സഖ്യം തകർന്നതിന് പിന്നാലെയാണ് എൻസിപിയിലെ യൂണിറ്റുകൾ പിരിച്ചുവിട്ടത്. ശിവസേനയുടെ പിന്മാറ്റം മഹാവികാസ് അഖാഡി സഖ്യത്തിൽ വിളളൽ വരുത്തിയെന്നാണ് വിലയിരുത്തൽ.
ഉദ്ധവ് താക്കറെ കോൺഗ്രസിന്റെയും എൻസിപിയുടെയും സമ്മർദ്ദത്തിന് വിധേയമായി പ്രവർത്തിച്ചതോടെയാണ് ഏക്‌നാഥ് ഷിൻഡെ വിമത നീക്കങ്ങൾ നടത്തിയത്. ബാൽ താക്കറെ എതിർത്തിരുന്ന കോൺഗ്രസിന്റെ ആശയങ്ങളെ ശിവസേന പിന്തുണയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ഷിൻഡെ ആവർത്തിച്ച് പറഞ്ഞെങ്കിലും ഉദ്ധവ് അത് കേൾക്കാൻ തയ്യാറായില്ല. തുടർന്നാണ് ഷിൻഡെ ഉദ്ധവിനെതിരെ തിരിഞ്ഞത്. വിമത നീക്കം നടത്തിയതോടെ പാർട്ടിയിലെ നിരവധി ഉന്നത നേതാക്കൾ ഷിൻഡെ പക്ഷത്തെത്തി. മുഖ്യമന്ത്രിയായി ഇനി അധികാരത്തിൽ തുടരാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെ ഉദ്ധവ് സ്വയം രാജി അറിയിച്ചു. ഇതിന് പിന്നാലെയാണ് ഏക്‌നാഥ് ഷിൻഡെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി അധികാരത്തിൽ എത്തിയത്.
Comments