ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു. രണ്ട് മണിക്കൂറാണ് സോണിയയെ ഇഡി ചോദ്യം ചെയ്തത്. കൊറോണ പിടിപെട്ടിരുന്നതിനാൽ നിലവിലെ ആരോഗ്യപ്രശ്‌നങ്ങൾ പരിഗണിച്ച് സോണിയയുടെ അഭ്യർത്ഥന പ്രകാരം ചോദ്യം ചെയ്യൽ അവസാനിപ്പിച്ചുവെന്നാണ് വിവരം.
സെൻട്രൽ ഡൽഹിയിലെ എപിജെ അബ്ദുൾ കലാം റോഡിലുള്ള ഇഡിയുടെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. ഉച്ചയ്‌ക്ക് ശേഷം ഇസഡ് (z) കാറ്റഗറി സിആർപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥന്റെ അകമ്പടിയോടെ അവർ ചോദ്യം ചെയ്യലിനെത്തി. ഏകദേശം 12.30ഓടെ ചോദ്യം ചെയ്യൽ ആരംഭിച്ചു.
നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ നടന്നത്. ആദ്യമായിട്ടായിരുന്നു സോണിയ ഗാന്ധി ഒരു അന്വേഷണ സംഘത്തിന് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായത്.
നേരത്തെ ഇതേ കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസമെടുത്ത് 50 മണിക്കൂറായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. രാഹുലിന്റെ ചോദ്യം ചെയ്യൽ വേളയിൽ നടന്ന കോൺഗ്രസ് പ്രതിഷേധങ്ങൾക്ക് സമാനമായി ഇന്ന് സോണിയയെ ചോദ്യം ചെയ്തപ്പോഴും ഡൽഹിയിലെ തെരുവുകളിൽ കോൺഗ്രസ് വലിയ പ്രതിഷേധം സംഘടിപ്പിച്ചു.
Comments