ന്യൂഡൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ അന്തിമ ഫല പ്രഖ്യാപനത്തിന് മുൻപേ പരാജയം അംഗീകരിച്ച് സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു യശ്വന്ത് സിൻഹ സ്വയം പരാജയം അംഗീകരിച്ചത്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ വിജയിച്ച ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങൾ എന്നായിരുന്നു യശ്വന്ത് സിൻഹ ട്വിറ്ററിൽ കുറിച്ചത്.
മൂന്നാം വട്ട വോട്ടെണ്ണലിന്റെ ഫല സൂചനകൾ പുറത്തുവന്നപ്പോൾ മുർമുവിന് ലഭിച്ച വോട്ടിന്റെ മൂല്യം കേവല ഭൂരിപക്ഷം പിന്നിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യശ്വന്ത് സിൻഹ അഭിനന്ദനങ്ങൾ അറിയിച്ചത്. മുർമുവിന് ലഭിച്ച വോട്ട് മൂല്യത്തിന്റെ നേർപകുതിയിൽ താഴെ വോട്ട് മൂല്യമാണ് യശ്വന്ത് സിൻഹയ്‌ക്കുള്ളത്.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ വിജയിച്ച ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങൾ. ഭയമോ പക്ഷപാതമോയില്ലാതെ ഭരണഘടനയുടെ കാവൽക്കാരിയായി മുർമു പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുർമുവിന് ആശംസകൾ നേരുന്നവരുടെ കൂട്ടത്തിൽ താനും പങ്കുചേരുകയാണെന്നും യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തു.
5,43,216 വോട്ട് മൂല്യമാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായതോടെ മുർമുവിന്റെ വോട്ട് മൂല്യം 5,77,777 ആയി ഉയർന്നു. ഇതുവരെ 2161 വോട്ടുകളാണ് മുർമുവിന് ലഭിച്ചത്. 2,61,062 ആണ് യശ്വന്ത് സിൻഹയുടെ വോട്ട് മൂല്യം.
















Comments