ന്യൂഡൽഹി: നൂപുർ ശർമ്മയെ കൊലപ്പെടുത്താൻ അതിർത്തി കടന്ന് എത്തിയ പാക് പൗരന് രാജ്യത്തിനകത്തു നിന്നും സഹായം ലഭിച്ചതായി സൂചന. കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് നൂപുർ ശർമ്മയെ ലക്ഷ്യമിട്ട് റിസ്വാൻ എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. രാജ്യത്തിനകത്തു നിന്നും റിസ്വാന് സഹായം നൽകിയത് ആരെന്ന് കണ്ടെത്താനുള്ള ഊർജ്ജിത അന്വേഷണത്തിലാണ് പോലീസ്.
പ്രദേശവാസിയുടെ സഹായം ഇല്ലാതെ അതിർത്തി കടന്ന് കൃത്യം നടപ്പിലാക്കുക എന്നത് ദുഷ്‌കരമാണ്. ഇതിന് പുറമേ കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ ഇന്ത്യയിൽ നിന്നുള്ള ചിലർക്ക് ഇമ്രാൻ ഖാന്റെ പാർട്ടിയുമായി ബന്ധമുള്ള തെഹ്‌രീക്ക്-ഇ-ലബ്ബിയാകുമായി ബന്ധമുണ്ടെന്ന് റിസ്വാൻ പറഞ്ഞിരുന്നു. ഇതോടെയാണ് ഇന്ത്യയ്‌ക്കകത്തു നിന്നും റിസ്വാന് സഹായം ലഭിച്ചിരിക്കാമെന്ന വിലയിരുത്തലിൽ അന്വേഷണ സംഘം എത്തിയത്.
തീവ്രമായ ഹിന്ദു വിരുദ്ധ നിലപാട് വെച്ചു പുലർത്തുന്ന റിസ്വാൻ ഹിന്ദുക്കൾക്ക് നേരെ പാകിസ്താനിലും ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ വർഷം മഹാരാജ് രഞ്ജിത്ത് സിംഗിന്റെ പ്രതിമ ഇയാൾ തകർത്തിരുന്നു. ഈ കുറ്റത്തിന് റിസ്വാൻ ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് രാജസ്ഥാനിലെ ഹിന്ജു മാൽക്കോട്ട് അതിർത്തി വേലിയ്‌ക്ക് സമീപത്തു നിന്നും റിസ്വാൻ പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നൂപുർ ശർമ്മയെ വധിക്കാൻ പാകിസ്താനിൽ നിന്നും എത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും കൊലപ്പെടുത്താനായി കൊണ്ടുവന്ന കത്തിയും കണ്ടെടുത്തിരുന്നു.
















Comments