മുംബൈ: കൊറോണയെന്ന മഹാമാരി ലോകരാജ്യങ്ങളെ ഭയപ്പെടുത്തിയെങ്കിലും രോഗത്തെ നേരിട്ട ഇന്ത്യൻ രീതി എല്ലാവർക്കും മാതൃകയായിരുന്നു. താരതമ്യേന ജനസാന്ദ്രത കൂടിയതും ഗ്രാമവാസികൾ ഏറെയുമുള്ള ഇന്ത്യയിൽ കൊറോണ പോരാട്ടം സാധ്യമോ എന്ന് വിദേശരാജ്യങ്ങൾ ചോദ്യമുയർത്തിയിരുന്നെങ്കിലും ഇന്ന് വാക്‌സിനേഷൻ കവറേജ് 201 കോടി ഡോസിലെത്തി നിൽക്കുന്നത് അതിന് ഉത്തരമാണ്.
കൊറോണയ്‌ക്കെതിരായ ഇന്ത്യയുടെ വിജയഗാഥയെ നിരവധി രാജ്യങ്ങൾ പ്രശംസിച്ചിരുന്നു. ഏറ്റവും ഒടുവിൽ ആ വിജയഗാഥ വെള്ളിവെളിച്ചം കാണുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. പ്രശസ്ത ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി അതിനായി തയ്യാറെടുപ്പകൾ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം.
രാജ്യത്ത് കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള സിനിമ ബിഗ് സ്‌ക്രീനിലെത്തിക്കുമെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്. വിദേശരാജ്യങ്ങളിലെ കൊറോണ പ്രതിരോധം നേരിട്ട് കണ്ട് മനസിലാക്കിയപ്പോഴാണ് ഇന്ത്യ എത്ര വിജയകരമായി പോരാട്ടത്തിൽ വിജയം കണ്ടുവെന്ന് മനസിലായത്. ഏറ്റവും വലിയ” വിജയം നേടിയവരുടെ കഥ സ്‌ക്രീനിൽ പകർത്തണമെന്നാണ് താൻ കരുതുന്നതെന്ന് സംവിധായകൻ പറഞ്ഞു.
ഇന്ത്യക്ക് ഒരിക്കലും വാക്‌സിൻ നിർമ്മിക്കാൻ കഴിയില്ലെന്ന് എല്ലാവരും പറഞ്ഞു. ഇത് പ്രചരിപ്പിക്കുന്നതിനായി നിരവധി ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഭാരതം എങ്ങനെയാണ് നമ്മുടെ സ്വന്തം വാക്‌സിൻ നിർമ്മിക്കുകയും 200 കോടി ഡോസുകൾ നൽകുകയും ചെയ്തത്? ടാൻസാനിയ മുതൽ ടോക്കിയോ വരെയുള്ള എല്ലാവരും കണ്ടിരിക്കേണ്ട കഥയാണിതെന്ന് ഞാൻ കരുതുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു
















Comments