ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ കോടതി മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തിനെതിരെ സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്നാണ് ആവശ്യം.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് നടന്നിരുന്നത്. ഇവിടെ നിന്ന് ബെംഗളൂരു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്തിരുന്നു.
വിചാരണ സംബന്ധിച്ച കാര്യങ്ങളിൽ സാക്ഷികളെ അട്ടിമറിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഇഡി മുന്നോട്ടുവന്നത്. സംസ്ഥാന സർക്കാർ സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന് ആശങ്കയുള്ളതായി ഇഡി നൽകിയ ട്രാൻസ്ഫർ ഹർജിയിൽ വ്യക്തമാക്കുന്നു.
എന്നാൽ ഈ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്നാണ് ഇപ്പോൾ സുപ്രീം കോടതിയിൽ ശിവശങ്കർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇഡിയുടെ ട്രാൻസ്ഫർ ഹർജി അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണ് ശിവശങ്കറിന്റെ നീക്കം. മുതിർന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ നടപടിയെന്നാണ് സൂചന.
Comments