ഷാംലി: മാങ്ങ വേണമെന്ന് തുടർച്ചയായി വാശിപിടിച്ച അഞ്ചുവയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ. 33-കാരനായ ഉമറുദ്ദീൻ ആണ് അറസ്റ്റിലായത്. ഉമറുദ്ദീൻ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു അനന്തരവളായ 5 വയസുകാരി മാങ്ങ വേണമെന്ന് പറഞ്ഞ് ശല്യപ്പെടുത്തിയത്. ഇതിൽ പ്രകോപിതനായ ഉമറുദ്ദീൻ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. യുപിയിലെ ഷാംലിയിൽ ഖേദ കുർതൻ ഗ്രാമത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
ഇരുമ്പുവടികൊണ്ട് കുട്ടിയുടെ തലയ്‌ക്ക് അടിച്ചതിന് ശേഷം കുട്ടിയുടെ കഴുത്ത് കീറിയാണ് ഉമറുദ്ദീൻ കൊലപാതകം നടത്തിയത്. അമിത രക്തസ്രാവം മൂലം കുഞ്ഞ് സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടപ്പോൾ മൃതദേഹം ചാക്കിലാക്കി വീടിനുള്ളിൽ ഒളിപ്പിച്ചു. ആക്രമണത്തിൽ അഞ്ച് വയസുകാരിയായ ഖൈറുനീസയാണ് കൊല്ലപ്പെട്ടത്.
തുടർന്ന് കുഞ്ഞിനെ വൈകിട്ട് മുതൽ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് വീട്ടുകാർക്കും നാട്ടുകാർക്കുമൊപ്പം കുഞ്ഞിനെ തിരയാൻ പ്രതി ഉമറുദ്ദീനും പോയിരുന്നു. എന്നാൽ പോലീസ് ഉമറുദ്ദീനെ സംശയിക്കാൻ ആരംഭിച്ചതോടെ ഇയാൾ ഒളിവിൽ പോയി. വ്യാഴാഴ്ചയോടെ പോലീസിന്റെ പിടിയിലായ ഉമറുദ്ദീനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഉമറുദ്ദീന്റെ വീട്ടിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം പോലീസ് കണ്ടെത്തി. ഒളിവിൽ പോയ ഉമറുദ്ദീനെ സമീപത്തെ വനമേഖലയിൽ നിന്നായിരുന്നു പോലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇരുമ്പുവടിയും കണ്ടെത്തിയിരുന്നു.
Comments