ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിൽ രാജ്യം ചരിത്ര വിജയം നേടിയിട്ട് 23 വർഷം പൂർത്തിയാകുന്ന ഈ ദിനത്തിൽ ഭാരതത്തിന്റെ ധീരയോദ്ധാക്കളെ ഓർമ്മിച്ച് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും. ഭാരതാംബയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമാണ് കാർഗിൽ ദിവസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ”മാതൃരാജ്യത്തെ പ്രതിരോധിച്ചുകൊണ്ട് തങ്ങളുടെ വീര്യം തെളിയിച്ച രാജ്യത്തെ എല്ലാ ധീരരായ പുത്രന്മാർക്കും എന്റെ സല്യൂട്ട്. ജയ് ഹിന്ദ്!” എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കാർഗിൽ വിജയ് ദിവസിൽ, ഇന്ത്യയുടെ സായുധ സേനയുടെ ധീരതയെയും ധൈര്യത്തെയും ത്യാഗത്തെയും രാജ്യം അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കാൻ അവർ കഠിനമായ സാഹചര്യങ്ങളിൽ ധീരമായി പോരാടി. അവരുടെ ധീരതയും അജയ്യമായ ചൈതന്യവും ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നിർണായക നിമിഷമായി എന്നെന്നേക്കും നിലനിൽക്കും എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കാർഗിൽ യുദ്ധത്തിൽ ജീവൻ ത്യജിച്ച ധീന സൈനികർക്ക് ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ എത്തി രാജ്‌നാഥ് സിംഗ് ആരദമർപ്പിച്ചു. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി എന്നിവരും യുദ്ധസ്മാരകത്തിൽ എത്തി റീത്ത് സമർപ്പിച്ചു.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി മഞ്ഞുപുതച്ച മലനിരകളിൽ ഒളിച്ചിരുന്ന് ആക്രമണം നടത്തിയ പാക് സൈന്യത്തെ മൂന്ന് മാസത്തെ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ സൈന്യം തുരത്തിയോടിച്ചത്. 1999 മെയ് എട്ടിന് ആരംഭിച്ച യുദ്ധം ജൂലൈ 26നാണ് അവസാനിക്കുന്നത്. ഈ ദിവസമാണ് കാർഗിൽ വിജയ് ദിവസ് എന്ന പേരില് ആചരിക്കുന്നത്.
















Comments