തിരുവനന്തപുരം : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തി. ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് കേരളത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടയൽ ഉൾപ്പെടെയുളള പ്രതിഷേധം നടത്തുകയാണ്. . കണ്ണൂരിലും കോട്ടയത്തും പ്രതിഷേധവുമായി പ്രവർത്തകർ നിരത്തിലിറങ്ങി. കണ്ണൂരിൽ ട്രെയിൻ തടഞ്ഞാണ് പ്രതിഷേധിച്ചത്. പോലീസും സമരക്കാരും തമ്മിൽ ഉന്തും തളളുമുണ്ടായി.
പാലക്കാടും സമാനമായ സംഭവമാണ് നടന്നത്. ട്രെയിൻ തടയാനെത്തിയ പ്രതിഷേധക്കാർ പാളത്തിലേക്കിറങ്ങി ട്രെയിനിന് മുന്നിൽ നിന്ന് പ്രതിഷേധിച്ചു. ട്രെയിനിന് മുകളിൽ കയറി നിന്നും ഇവർ മുദ്രാവാക്യം മുഴക്കി. പോലീസ് എത്തി പ്രതിഷേധം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിൻമാറിയില്ല. മലപ്പുറം അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് ട്രെയിൻ തടഞ്ഞു. സംസ്ഥാന വ്യാപകമായാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം. എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികളുമായി പ്രവർത്തകർ നിരത്തിലിറങ്ങിയിട്ടുണ്ട്.
രാജ്യതലസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് പ്രതിഷേധത്തിന് സാദ്ധ്യത നിലനിൽക്കുന്നതിനാൽ രാജ്ഘട്ടിൽ 144 പ്രഖ്യാപിച്ചു. രാജ്ഘട്ടിന് മുന്നിൽ സത്യാഗ്രഹത്തിന് പ്രവർത്തകർ നേരത്തെ അനുമതി തേടിയിരുന്നെങ്കിലും അത് നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിച്ചേക്കുമെന്നാണ് വിവരം.
ഇത് രണ്ടാം തവണയാണ് സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. ആദ്യ ദിവസം രണ്ട് മണിക്കൂർ മാത്രമാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്തത്. കൊറോണ കാരണം ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ച കോൺഗ്രസ് അദ്ധ്യക്ഷയെ പെട്ടെന്ന് തന്നെ വിട്ടയയ്‌ക്കുകയായിരുന്നു.
Comments