ടോക്കിയോ: പസഫിക്കിലെ മാറുന്ന അന്തരീക്ഷം കണക്കിലെടുത്ത് പ്രതിരോധ രംഗത്തെ കരുത്ത് വർദ്ധിപ്പിയ്‌ക്കാനൊരുങ്ങി ജപ്പാൻ. പസഫിക്കിലെ സുരക്ഷയെ മുൻനിർത്തിയുള്ള ധവള പത്രത്തിൽ ചൈനയുടേയും റഷ്യയുടേയും യുദ്ധക്കൊതിയും അധിനിവേശ സ്വഭാവവും ഏറെ ഗൗരവത്തോടെയാണ് പരാമർശിക്കുന്നത്.
അമേരിക്കയും ചൈനയും തമ്മിലുള്ള കിടമത്സരം. പസഫിക്കിലെ അമേരിക്കൻ നാവിക വ്യൂഹത്തിന്റെ സാന്നിദ്ധ്യത്തെ തടയാനുള്ള ചൈനയുടെ ശ്രമം. തെക്കൻ ചൈനാ കടലിൽ വടക്കൻ കൊറിയയും ചൈനയും സംയുക്തമായി ഉയർത്തുന്ന ഭീഷണി എന്നിവയും റിപ്പോർട്ടിലുണ്ട്. ഇതിനിടെ പസഫിക്കിലെ സമുദ്രസുരക്ഷയിലും ചെറുരാജ്യങ്ങളുടെ സംരക്ഷണത്തിലും ഇന്ത്യയെടുക്കുന്ന സന്തുലിത വിദേശപ്രതിരോധ നയത്തെ ഏറെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയടക്കം ക്വാഡ് സഖ്യത്തിന്റെ ഭാഗമായതിന് ശേഷമാണ് ജപ്പാൻ പ്രതിരോധ രംഗത്തെ ഗൗരവത്തിൽ കാണാൻ തുടങ്ങിയത്. മാത്രമല്ല ചൈന തായ്‌വാനെതിരെ പ്രകോപനം വർദ്ധിപ്പിക്കുന്നതോടൊപ്പം ജപ്പാന്റെ അധീനതയിലുള്ള സെൻകാകു അടക്കമുള്ള ദ്വീപുകളേയും വളഞ്ഞുപിടിക്കാൻ നടത്തുന്ന ശ്രമങ്ങളും മേഖലയിൽ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. അമേരിക്കയെ നേരിട്ട് വെല്ലുവിളിക്കുന്ന ചൈന ജോ ബൈഡൻ ജപ്പാനിലെത്തിയ അതേ മണിക്കൂറിൽ ജപ്പാന്റെ വ്യോമമേഖലയിലേക്ക് വിമാനം അയച്ചത് ഏറെ ഗുരതരമായ അന്താരാഷ്‌ട്ര നിയമലംഘനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ ജപ്പാന്റെ ധവള പത്രം ഏകപക്ഷീയവും ചൈനയെ മാത്രം ശത്രുവായി കാണുന്നതുമാണെന്നും ആരോപിച്ചു. ഇതുവരെ ജപ്പാനുമായി ചൈന എത്രതവണ ഏറ്റുമുട്ടിയിട്ടുണ്ട് എന്ന ചരിത്രം പരിശോധിക്കണമെന്നും ബാഹ്യമായ സമ്മർദ്ദങ്ങളല്ല പ്രതിരോധ കാര്യത്തിൽ നയരൂപീകരണത്തിന് മാനദണ്ഡമാക്കേണ്ടതെന്നും ചൈന പറഞ്ഞു.
















Comments