കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ പ്രതിയും സൈബർ സഖാവുമായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയ നടപടി റദ്ദാക്കി. അർജുൻ ആയങ്കി സമർപ്പിച്ച ഹർജിയിൽ കാപ്പ അഡ്വൈസറി ബോർഡിന്റേതാണ് നടപടി. കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്ന്, അഡ്വൈസറി ബോർഡ് വ്യക്തമാക്കി.
ഡി വൈ എഫ് ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ ആയങ്കി. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസുകൾ കൂടാതെ നിരവധി അടിപിടി കേസുകളും അർജുൻ ആയങ്കിയുടെ പേരിലുണ്ട്.
കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ 2021 ജൂൺ 28നാണ് അർജുൻ ആയങ്കി അറസ്റ്റിലായത്. ഗൾഫിലും കേരളത്തിലുമായി വ്യാപിച്ചു കിടക്കുന്ന സ്വർണ്ണക്കടത്ത് ശൃംഖലയിലെ നിർണായക കണ്ണിയാണ് അർജുൻ ആയങ്കി. ഡി വൈ എഫ് ഐ നേതൃത്വവുമായി തെറ്റിയ അർജുൻ ആയങ്കിക്കെതിരെ സംഘടന തന്നെ പരാതി നൽകുകയായിരുന്നു.
സിപിഎം നേതാവ് പി ജയരാജന്റെ അടുത്ത അനുയായി ആണ് അർജുൻ ആയങ്കിയും സുഹൃത്ത് ആകാശ് തില്ലങ്കേരിയും. ടിപി കേസ് പ്രതി കൊടി സുനിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ഇരുവരും.
Comments