ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവർച്ച ചെയ്യുന്ന രണ്ടുപേരെ മലപ്പുറത്ത് പെരിന്തൽമണ്ണയിൽ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മാലമോഷണക്കേസുകളിലെ പ്രതി തൃശ്ശൂർ വാടാനപ്പള്ളി മണലൂർ സ്വദേശി ചക്കമ്പിൽ രാജു(46),പുളിക്കൽ സജീവൻ(49) എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാലപൊട്ടിച്ച് കവർച്ച നടത്തുന്ന സംഘമാണ് അറസ്റ്റിലായത്. ബൈക്കിൽ കറങ്ങിനടന്ന് തനിച്ച് നടന്നുപോകുന്ന വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിച്ച് കവർച്ചനടത്തുന്നതാണ് സംഘത്തിന്റെ രീതി.
ജില്ലയിൽ മോഷണക്കേസുകളും സ്ത്രീകളുടെ മാലപൊട്ടിച്ച സംഭവങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുനതിനായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി. എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സംഘം രൂപീകരിച്ചിരുന്നു. സി.ഐ. സി.അലവി ,എസ്.ഐ. സി.കെ. നൗഷാദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
Comments