മംഗളൂരു: ആസൂത്രിത കൊലപാകങ്ങൾ തടയാൻ കമാൻഡോ സ്‌ക്വാഡ് രൂപീകരിച്ച് കർണാടക സർക്കാർ. കമാൻഡോ സ്‌ക്വാഡിന് പൂർണ്ണമായും സ്വതന്ത്ര ചുമതലയാണ് നൽകിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള ഭീകര സംഘടനകളിൽ നിന്നുള്ള ഭീഷണി ചെറുക്കുന്നതിന് വേണ്ടിയാണ് പുതിയ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും വ്യക്തമാക്കിയിട്ടുണ്ട്. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് തീരുമാനം
രഹസ്യാന്വേഷണ വിഭാഗങ്ങൾ ശേഖരിച്ചിട്ടുള്ള നിർണായക വിവരങ്ങൾ ഈ സ്‌ക്വാഡിന് കൈമാറും. ആയുധ നിർമ്മാണം, സ്‌ഫോടക വസ്തു നിർമ്മാണം, ഭീകര പരിശീലനം തുടങ്ങിയ എല്ലാ കാര്യങ്ങളുമായും ബന്ധപ്പെട്ടുള്ള വിവരങ്ങളാകും കൈമാറുക. ഇത്തരം കേസുകൾ മാത്രമേ ഈ സ്‌ക്വാഡ് കൈകാര്യം ചെയ്യുകയുള്ളു. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകൾ, വ്യക്തികൾ മുതലായവയെ ഇല്ലാതാക്കാനും, ഇവരിൽ നിന്നുള്ള ഭീഷണികളെ ചെറുക്കാനും ഈ കമാൻഡോ സ്‌ക്വാഡിന് കഴിയും. പ്രത്യേക പരിശീലനം ലഭിച്ചവരെയാകും സ്‌ക്വാഡിന്റെ ഭാഗമായി നിയമിക്കുന്നത്.
കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകൾക്കെതിരായ കേസുകൾ പിൻവലിച്ചെന്നും, അതിനുള്ള പരിഹാരമാണ് ബിജെപി സർക്കാർ ഇപ്പോൾ ചെയ്യുന്നതെന്നും ബസവരാജ് ബൊമ്മെ പറഞ്ഞു. ‘ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടിയാണ് കമാൻഡോ സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. കർണാടകയിൽ കോൺഗ്രസ് ഭരിക്കുന്ന സമയത്ത് 22 യുവാക്കളാണ് കൊല്ലപ്പെട്ടത്. എന്നാൽ കോൺഗ്രസ് ഭീകരർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. മാത്രമല്ല ഭീകര സംഘടനകൾക്കെതിരായ 200ലധികം കേസുകൾ പിൻവലിക്കുകയും ചെയ്തു. ഇത് ഭീകരർക്ക് വലിയ ധൈര്യമാണ് നൽകിയത്. ഇനി അത്തരം കാര്യങ്ങൾ ഇവിടെ നടക്കില്ലെന്നും’ ബൊമ്മെ പറഞ്ഞു.
















Comments