കൊൽക്കത്ത: അനധികൃത അദ്ധ്യാപന നിയമനം വഴി കോടികൾ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ തൃണമൂൽ നേതാവ് പാർത്ഥ ചാറ്റർജിയെ ഇന്ന് മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസിൽ തൃണമൂൽ മന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നതോടെ ബംഗാൾ സർക്കാർ തലകുനിക്കേണ്ടി വന്ന സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനത്ത് നിന്നും തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും പാർത്ഥ ചാറ്റർജിയെ പുറത്താക്കിയേക്കുമെന്നാണ് വിവരം.
ബംഗാൾ വ്യവസായമന്ത്രിയായ പാർത്ഥ ചാറ്റർജിയുമായി ബന്ധപ്പെട്ട കുംഭകോണക്കേസിൽ മൗനം പാലിക്കാനാണ് നിലവിൽ തൃണമൂൽ നേതാക്കൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം. അർപ്പിത മുഖർജിയുടെ രണ്ടാമത്തെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെടുത്ത നിധികൂമ്പാരം (28 കോടി രൂപയും ആറ് കിലോ സ്വർണവും വെള്ളിനാണയങ്ങളും) പാർത്ഥ ചാറ്റർജിയുടേതാണെന്ന് അർപ്പിത തന്നെ ഇഡിയ്‌ക്ക് മുമ്പിൽ വെളിപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു തൃണമൂലിന്റെ നീക്കം.
പാർത്ഥ ചാറ്റർജിയെ മന്ത്രിസ്ഥാനത്ത് നിന്നും മറ്റ് പാർട്ടി ചുമതലകളിൽ നിന്നും നീക്കം ചെയ്യണമെന്ന് വ്യാഴാഴ്ച രാവിലെ ടിഎംസിയുടെ ജനറൽ സെക്രട്ടറിയും വക്താവുമായ കുനാൽ ഖോഷ് ആവശ്യപ്പെട്ടിരുന്നു. തന്റെ പ്രസ്താവന തെറ്റാണെന്ന് കണ്ടാൽ തനിക്കെതിരെ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിലവിൽ പാർത്ഥയ്‌ക്കെതിരെ സിബിഐയും ഇഡിയുമാണ് അന്വേഷണം നടത്തുന്നത്. വ്യവസായമന്ത്രി നടത്തിയ അഴിമതികളുടെ പണം സൂക്ഷിച്ചിരുന്ന വീടുകൾ (നടി അർപ്പിത മുഖർജിയുടെ ഫ്‌ളാറ്റുകൾ) ഇഡി പരിശോധനയ്‌ക്ക് വിധേയമാക്കിയതോടെയാണ് കുംഭകോണക്കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. അർപ്പിതയുടെ രണ്ട് വീടുകളിൽ നിന്നായി ആകെ 50 കോടിയോളം രൂപ ഇഡി കണ്ടെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാർട്ടി വക്താവടക്കം മമതാ സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
















Comments