തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിൽ സർക്കാർ നിയോഗിച്ചിരിക്കുന്നത് സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരെയെന്ന് ആക്ഷേപം. സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന എസ് പി മധുസൂധനനാണ് അന്വഷണത്തിന്റെ മേൽ നോട്ടം. കേന്ദ്രസർക്കാർ മെഡൽ തിരികെ വാങ്ങിയ ജലീൽ തോട്ടത്തിലിനെ അന്വഷണ ഉദ്യോഗസ്ഥനായും നിയമിച്ചിരിക്കുന്നു. എകെജി സെന്റർ കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് ഇതിലൂടെ തെളിയുന്നത്.
എകെജി സെന്ററിന് പടക്കമെറിഞ്ഞ കേസിൽ 23 ദിവസമാണ് പോലീസ് അന്വേഷണം നടത്തിയത്. എന്നാൽ പ്രതികളെ പിടികൂടാനാകാതെ വന്നതോടെ കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. നാല് ദിവസം മുൻപ് ക്രൈം ബ്രാഞ്ചിന് വിട്ട് ഡിജിപി ഉത്തരവിറക്കിയെങ്കിലും അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നില്ല. സ്വന്തം പാർട്ടിയുടെ ആസ്ഥാന മന്ദിരത്തിന് നേരെയുള്ള പടക്കമേറ് അന്വേഷിക്കുന്നതിൽ പോലും സർക്കാരിന്റെ ഈ വീഴ്ച ജനംടിവി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് തിരക്കിട്ട് അന്വേഷണസംഘത്തെ നിയോഗിച്ചത്. പക്ഷേ അപ്പോഴും സിപിഎമ്മിനൊപ്പം നിൽക്കുന്ന ഉദ്യോഗസ്ഥർക്കാണ് അന്വേഷണത്തിന്റെ ചുമതല.
എസ് പി മധുസൂധനനും, ജലീൽ തോട്ടത്തിലിനും പുറമേ നിലവിലെ അന്വഷണം അട്ടിമറിച്ചതായി ആരോപണമുയർന്ന കന്റോൺമെൻറ് എസിപിയെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിപിഎം തന്നെയാണ് എകെജി സെന്റർ ആക്രമണത്തിന് പിന്നിലെന്ന ജനംടിവി വാർത്തക്ക് കൂടുതൽ ശക്തിപകരുന്നതാണ് സർക്കാരിന്റെ പുതിയ നീക്കങ്ങളെല്ലാം.
















Comments