ചെന്നൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 44-ാം ചെസ് ഒളിമ്പ്യാഡ് 2022ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെസ് ഒളിമ്പ്യാഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യ ആദ്യമായി വേദിയാകുന്ന ചെസ് ഒളിമ്പ്യാഡ് മത്സരമാണിത്.
ഏറ്റവും അഭിമാനകരമായ നിമിഷമാണിതെന്നും ഒടുവിൽ ഉത്ഭവ സ്ഥലത്ത് തന്നെ മത്സരം നടക്കാൻ പോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ചെസ് ഒളിമ്പ്യാഡ് ഏഷ്യയിലേക്ക് വരുന്നത്. ഇത്തവണ ഇന്ത്യ വേദിയാകുന്നതോടെ ചെസ് ഒളിമ്പ്യാഡ് അതിന്റെ ഉത്ഭവകേന്ദ്രത്തിലെത്തി. വീട്ടിലേക്ക് മടങ്ങിവന്ന പ്രതീതിയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
കായിക മത്സരങ്ങൾ എല്ലായ്പ്പോഴും ദിവ്യമായി കണക്കാക്കപ്പെടുന്നു. അത് നടക്കുന്ന സ്ഥലമാണ് ഏറ്റവും അനുയോജ്യമാകേണ്ടതുണ്ട്. തമിഴ്നാട്ടിൽ നിങ്ങൾക്ക് ‘സതുരംഗനാഥന്’ ക്ഷേത്രം കാണാം. ദേവന്മാർ പോലും ചതുരംഗം കളിച്ചിട്ടുണ്ട്. ചെസുമായി ശക്തമായ ചരിത്രബന്ധമാണ് തമിഴ്നാടിനുള്ളത്. അതുകൊണ്ടാണ് തമിഴ്നാട് എന്ന സംസ്ഥാനം ഇന്ത്യയുടെ ‘ചെസ് പവർഹൗസായി’ മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയായ തമിഴിന്റെ നാടായ ഇവിടം നിരവധി ഗ്രാൻഡ്മാസ്റ്റർമാരെ സൃഷ്ടിച്ച നാട് കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തമിഴ്നാട് ഗവർണർ ആർ.എൻ രവി, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. കായിക താരം വിശ്വനാഥൻ ആനന്ദ് ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കില്ലെങ്കിലും മത്സരാർത്ഥികളുടെ ഉപദേശകനായാണ് എത്തുന്നത്.
നേരത്തെ റഷ്യയിലായിരുന്നു 2022 ചെസ് ഒളിമ്പ്യാഡ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ യുക്രെയ്നെ ആക്രമിച്ചതിനെ തുടർന്ന് ഒളിമ്പ്യാഡ് റഷ്യയിൽ നിന്ന് മാറ്റി. തുടർന്ന് ചെന്നൈയെ വേദിയായി തിരഞ്ഞെടുത്ത് ഇന്ത്യക്ക് അനുവദിക്കുകയായിരുന്നു.
Comments