ബംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം എൻഐഎയ്‌ക്ക് വിട്ട് കർണാടക സർക്കാർ. കൃത്യത്തിന്റെ തീവ്രവാദ സ്വഭാവം കണക്കിലെടുത്താണ് തീരുമാനം. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്.
വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് കേസ് അന്വേഷണം എൻഐഎയ്‌ക്ക് വിടാൻ തീരുമാനിച്ചത്. ഡിജി, ഐജിപി മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികളും മുഖ്യമന്ത്രി വിലയിരുത്തി.
കേരളത്തിൽ നിന്നും എത്തിയവരാണ് പ്രതികൾ എന്നാണ് നിലവിലെ വിവരം. ഈ സാഹചര്യത്തിൽ ഇവർ തിരികെ കേരളത്തിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ട്. ഇന്നലെ ഇത്തരത്തിൽ കടക്കാൻ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. അതിനാൽ പ്രതികൾ രക്ഷപ്പെടുന്നത് ഒഴിവാക്കാൻ കേരള- കർണാടക അതിർത്തിയിൽ സുരക്ഷ ശക്തമാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇതിന് പുറമേ അതിർത്തിയിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്താനും ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊലപാതകത്തിന് പിന്നാലെ ദക്ഷിണ കന്നഡയിലെ അന്തരീക്ഷം കലുഷിതമാണ്. ഈ സാഹചര്യത്തിൽ ക്രമസമാധാനം നിലനിർത്താനായി കെഎസ്ആർപി ബറ്റാലിയനെ വിന്യസിക്കാനും രാത്രികാല പട്രോളിംഗ് കൂടുതൽ കാര്യക്ഷമമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
പ്രവീണിന്റെ കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്ന് ബസവരാജ് ബൊമ്മെ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും തനിക്ക് ലഭിച്ചു. അന്വേഷണം വേഗത്തിലാക്കേണ്ടതുണ്ട്. നിലവിൽ കുറ്റകൃത്യം രണ്ട് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ്. അതിനാലാണ് അന്വേഷണം എൻഐഎയ്‌ക്ക് വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
















Comments