പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!! സന്ദേശം എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന ഈ ഡയലോഗിന് കാലമിത്ര കഴിഞ്ഞിട്ടും ആരാധകരേറെയാണ്. നമ്മിൽ പലരും നിത്യജീവിതത്തിൽ പലപ്പോഴായി പ്രയോഗിക്കുന്ന വാചകം കൂടിയാണിത്. അത്രയേറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഈ സിനിമാ ഡയലോഗിനെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് നടനും പിന്നണി ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ.
കഴിഞ്ഞ ദിവസം വിനീത് ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിലാണ് അച്ഛന്റെ സിനിമയിലെ ‘എപിക്’ ഡയലോഗിനെ ഓർമ്മിപ്പിച്ചിരിക്കുന്നത്. Don’t utter a word about POLAND എന്നെഴുതിയിരിക്കുന്ന ടീ-ഷർട്ട് ധരിച്ച് നിൽക്കുന്നതാണ് ചിത്രം. പകർത്തിയത് വിനീതിന്റെ ഭാര്യ ദിവ്യയാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ടീ-ഷർട്ട് നൽകിയതിന് ആർ.ജെ മാത്തുക്കുട്ടിക്ക് പ്രത്യേകം നന്ദിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ വിനീത് പങ്കുവെച്ച പോസ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത മറ്റൊന്നായിരുന്നു.
പോളണ്ടിൽ നിന്ന് പകർത്തിയ ചിത്രമാണ് തന്റെ ആരാധകർക്കായി താരം പങ്കുവെച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പോളണ്ടിൽ വെച്ച് പകർത്തിയതാണെന്നും വിനീത് കുറിച്ചു. പോളണ്ടിലെ ടാർണോയിലുള്ള സാലിപ്പീ എന്ന സ്ഥലത്ത് വെച്ചാണ് ശ്രീനിവാസൻ ചിത്രത്തിലെ ഡയലോഗിനെ തമാശരൂപേണ മകൻ വീണ്ടും അവതരിപ്പിച്ചത്.
30 വർഷം മുമ്പിറങ്ങിയ ചിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഡയലോഗിനെ പ്രേക്ഷകർക്ക് മുമ്പിൽ രസകരമായി അവതരിപ്പിച്ച ഈ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു. യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക് എന്ന ചിത്രത്തിലെ ശ്രീനിവാസൻ കഥാപാത്രത്തിന്റെ ചിത്രം ഉൾപ്പെടുത്തി ” ഈശ്വരാ ഭഗവാനെ മോന് നല്ലതുമാത്രം വരുത്തണേ” എന്ന രീതിയിലുള്ള കമന്റുകളും പോസ്റ്റിന് താഴെ വന്നിരുന്നു. രസകരമായ അനവധി കമന്റുകൾ കൊണ്ട് കമന്റ് ബോക്‌സ് നിറഞ്ഞു. പോളണ്ടിൽ നിന്ന് തിരികെ വീട്ടിലെത്തിയപ്പോൾ അച്ഛൻ വീണ്ടും അതേ ഡയലോഗ് പറഞ്ഞിരുന്നോയെന്ന ചോദ്യവും ആരാധകർ ഉയർത്തിയിരുന്നു.
Comments