ന്യൂഡൽഹി: കോംഗോയിൽ ഉണ്ടായ യുഎൻ വിരുദ്ധ കലാപത്തിനിടെ സൈനികർ വീരമൃത്യുവരിച്ച സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ പ്രധാനമന്ത്രി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിനിടെയാണ് സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ചത്.
യുഎന്നിന്റെ സമാധാന സംരക്ഷണ ദൗത്യത്തിൽ ഇന്ത്യ വഹിക്കുന്നത് വലിയ പങ്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്റോണിയോ ഗുട്ടാറസിനോട് വ്യക്തമാക്കി. രണ്ടര ലക്ഷത്തിലധികം ആളുകൾ യുഎന്നിന്റെ സമാധാന ദൗത്യങ്ങളിൽ പങ്കാളികളാണ്. വീരമൃത്യുവരിച്ച സൈനികർക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
യുഎൻ സമാധാന പാലന ദൗത്യത്തിൽ പങ്കാളികളായ 177 അംഗങ്ങൾക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. സമാധാന ശ്രമങ്ങൾക്കിടെ ജീവൻ നഷ്ടമായവരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യക്കാരാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം ജീവൻ നഷ്ടമായ കുടുംബത്തിന് അന്റോണിയോ ഗുട്ടാറസ് അനുശോചനം അറിയിച്ചു. നടക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. അതുകൊണ്ടുതന്നെ കലാപകാരികളുടെ പ്രവർത്തിയെ ശക്തമായി അപലപിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കുചേരുകയാണെന്നും അന്റോണിയോ ഗുട്ടാറസ് കൂട്ടിച്ചേർത്തു.
















Comments