ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായി കശ്മീർ പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്നലെ രാത്രിയോടെയാണ് ബാരാമുള്ളയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഭീകരസംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയിൽ മെയ് മാസം മുതൽ സജീവമായി പ്രവർത്തിച്ച് വരികയായിരുന്ന ഇർഷാദ് അഹമ്മദ് ഭട്ട് ആണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി. ബാരാമുള്ള സ്വദേശിയാണിയാൾ. ഒരു എകെ റൈഫിൾ, രണ്ട് മാഗസീനുകൾ, 30 തിരകൾ എന്നിവയാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തത്.
ബാരാമുള്ളയിൽ ശനിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചിരുന്നു. വാനിദാം ബാല മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഭീകരസാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.
















Comments