ഛണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ പിടിച്ചുപറ്റിയ 45 കാരനായ ഛണ്ഡീഗഡ് തെരുവ് കച്ചവടക്കാരൻ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. കൊറോണ പ്രതിരോധ വാക്‌സിന്റെ മൂന്നാം ഡോസ് എടുത്തുന്നവർക്ക് സൗജന്യമായി ‘ചോളെ ബട്ടൂര’ എന്ന സ്വാദിഷ്ടമായ വിഭവം വിതരണം ചെയ്താണ് ഛത്തീസ്ഗഡ് സ്വദേശിയായ സഞ്ജയ് റാണ മാതൃകയാകുന്നത്.വാക്‌സിൻ സ്വീകരിച്ചതിന്റെ ഫോൺ സന്ദേശവുമായി എത്തിയാൽ സഞ്ജയ് റാണയുടെ ചോളെ ബട്ടൂര ലഭിക്കും. പ്രതിഫലം ഒന്നും തന്നെ ഇല്ലാത്ത ഈ പ്രവൃത്തിയിലൂടെ സേവന സന്നദ്ധതയും സമൂഹനന്മയുമാണ് ദർശിക്കാൻ കഴിയുന്നത്.
വാക്‌സിൻ എടുക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താൻ സൗജന്യ ചോളെ ബട്ടൂര വിതരണം നടത്തുന്നതെന്ന് റാണ വ്യക്തമാക്കി.ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ജനങ്ങൾ മടിക്കുന്ന പ്രവണതയാണ് കണ്ടു വരുന്നതെന്നും രോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്വരക്ഷയ്‌ക്കായി മുൻകരുതൽ വാക്‌സിൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.സാഹചര്യം കൈവിട്ടുപോകുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും നിലവിലുണ്ടായിരുന്ന സാഹചര്യത്തിൽ നിന്ന് പാഠങ്ങൾ പഠിക്കണമെന്നും സൂചിപ്പിച്ചു.
കഴിഞ്ഞ വർഷം പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി സഞ്ജയ് റാണയെ പ്രശംസിച്ചിരുന്നു. സമൂഹനന്മയ്‌ക്കായി പ്രവർത്തിക്കാൻ സന്മനസും അർപ്പണബോധവും വേണം. അതിന് ഉത്തമ ഉദാഹരണമാണ് സൈക്കിളിൽ ചോളെ ബട്ടൂര കച്ചവടം നടത്തുന്ന റാണയെന്നുമാണ് മൻ കി ബാത്തിൽ മോദി പറഞ്ഞത്. കഴിഞ്ഞ വർഷം മെയ് മുതൽ ഏഴ് മാസത്തിത്തോളമാണ് സൗജന്യ ‘ചോളെ ബട്ടൂര’ വാഗ്ദാനം ചെയ്തിരുന്നത്.
കുട്ടിക്കാലത്ത്, രാജ്യത്തെ സേവിക്കാനും സായുധ സേനയിൽ ചേരാനും ആഗ്രഹമുണ്ടായിരുന്ന റാണയ്‌ക്ക് അതിന് കഴിഞ്ഞിരുന്നില്ലെന്നും എന്നാൽ ഇത്തരത്തിൽ സേവനം നടത്തുന്നതിൽ സംതൃപ്തി കണ്ടെത്താൻ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
















Comments