തൃശൂർ: അവിചാരിതമായി ലഭിച്ച നോട്ടീസ് വായിച്ചു നോക്കിയപ്പോൾ സായ്‌ലക്ഷ്മി അക്ഷരാർഥത്തിൽ ഞെട്ടി. അനുവദിക്കാത്ത ലോണിന് മൂന്നര കോടി രൂപയുടെ കുടിശ്ശിക അടയ്‌ക്കണമെന്ന് ആണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുട സ്വദേശി കരുംവേലംകുളം ഹരികുമാറിന്റെ ഭാര്യ സായ് ലക്ഷ്മിയുടെ അനുഭവം ഒറ്റപ്പെട്ടതല്ല. കരുവന്നൂർ സഹകരണ ബാങ്കുമായി ഇടപാട് നടത്തിയവർക്കെല്ലാം ഇത്തരം ദുരനുഭവങ്ങൾ വിവരിക്കാനുണ്ട്.
ബാങ്കിനെതിരെ ആദ്യമായി പരാതി നൽകിയ ഇടപാടുകാരിൽ ഒരാളാണ് സായ്‌ലക്ഷ്മി. ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്‌പെക്ടർക്ക് 2018 ഡിസംബർ 27ന് ഇവർ പരാതി നൽകുബോൾ വരാനിരിക്കുന്നത് വലിയ ഒരു തട്ടിപ്പിന്റെ തുടക്കം മാത്രമായിരുന്നു. മൂന്ന് കോടി നൽകാമെന്ന പ്രലോഭിപ്പിച്ച് അത് കൊടുക്കാതെ ബാങ്ക് മൂന്നര കോടിയുടെ കുടിശ്ശികയുണ്ടെന്ന് കാണിച്ച് അദാലത്ത് നോട്ടീസ് അയച്ചപ്പോൾ ആണ് ഇവർക്ക് തട്ടിപ്പിന്റെ ആഴം ബോധ്യമായത്. ഇതാണ് പോലീസിൽ പരാതി നൽകാൻ പ്രേരിപ്പിച്ചത്.
ബിസിനസ് ആവശ്യത്തിന് മൂന്ന് കോടി രൂപ ഓവർഡ്രാഫ്റ്റ് അനുവദിക്കാമെന്ന് വിശ്വസിപ്പിച്ച് സഹകരണ ബാങ്ക് അധികൃതർ വഞ്ചിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. സായ്‌ലക്ഷ്മിയും ഭർത്താവും 2016ൽ കരുവൂർ സഹകരണ ബാങ്കിൽ ക്‌ലബിങ് ലോൺ ഓവർഡ്രാഫ്റ്റിന് അപേക്ഷിച്ചിരുന്നു. ലോൺ വാങ്ങി തരാമെന്ന് വാഗ്ദാനം ചെയ്ത് ഏലൂർ സ്വദേശിയായ അജയ്കുമാർ മേനോൻ, പെരിഞ്ഞനം മൂന്നുപ്പീടിക സ്വദേശി കിരൺ എന്നിവർ സായ്‌ലക്ഷ്മിയെ സമീപിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിൽ അപേക്ഷ നൽകിയത്. ഓരോ ഷെയർ ഹോൾഡർക്കും 50 ലക്ഷം വീതം ആറ് ഓഹരിയുടമകൾക്കായി മൂന്ന് കോടി ബിസിനസ് ലോണായി ഓവർഡ്രാഫ്റ്റ് പാസാക്കി നൽകാമൊയിരുന്നു വാഗ്ദാനം. സായ്‌ലക്ഷ്മിയും ഭർത്താവ് ഹരികുമാറിനെയും കൂടാതെ രമാരാജൻ, രാജൻ, ബിപിൻ മനോഹർ, മുഹമദ് റാഫി എിവരായിരുന്നു മറ്റുളള ഓഹരി ഉടമകൾ.
ബാക്കിയുളള ഓഹരിയുടമകൾ കിരണിന്റെ ബന്ധുക്കളും പരിചയക്കാരുമായിരുന്നു. ആറ് ഓഹരിയുടമകളുടെ പേരിലായി സായ്‌ലക്ഷ്മിയുടെ ഇരിഞ്ഞാലക്കുടയിലെ 13.5 സെന്റ് സ്ഥലത്തിന്മേൽ 2.02.2016ൽ ഗഹാൻ രജിസ്റ്റർ ചെയ്ത് ലോൺ പാസാക്കുകയും ചെയ്തു. ഗഹാൻ ഒപ്പിടിച്ചശേഷം പണം പിന്നീട് അനുവദിക്കാമെന്ന് പറഞ്ഞ് ബാങ്ക് അധിതൃതർ അവരുടെ വാഹനത്തിൽ സായ്‌ലക്ഷ്മിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ പിന്നീട് പണം തന്റെ അക്കൗണ്ടിൽ വരുകയോ നേരിട്ട് കൈവശം തരികയോ ചെയ്തിട്ടില്ലെ്ന്ന് സായ്‌ലക്ഷ്മിയുടെ പരാതിയിൽ പറയുന്നു.
പാസ്ബുക്ക് ഉൾപ്പെടെയുളള ഒരു രേഖയും ബാങ്കിൽ നിന്ന് ലഭിച്ചിട്ടില്ല. ഗഹാൻ രജിസ്റ്ററിലല്ലാതെ മറ്റൊരു രേഖയിലും ഒപ്പിട്ടുകൊടത്തിട്ടില്ലെന്ന് സായ്‌ലക്ഷ്മി വ്യക്തമാക്കി. പിന്നീട് ബാങ്കിൽ നിന്ന് കുടിശ്ശിക അടയ്‌ക്കണമെന്ന് ആവശ്യപ്പെടുളള അദാലത്ത് നോട്ടീസ് കിട്ടിയപ്പോഴാണ് മൂന്നര കോടിയുടെ കുടിശ്ശികയുടെ കാര്യം അറിയുത്.
ഇതിന് മുമ്പ് ബാങ്കിൽ നിന്ന് കത്ത് ഒന്നും ലഭിചിട്ടില്ലെന്ന് സായ്‌ലക്ഷ്മി പറഞ്ഞു. ബാങ്കിൽ ചെന്ന് വിവരം പറഞ്ഞപ്പോൾ ജീവനക്കാർ സംസാരിക്കാൻ തയ്യാറായില്ലെന്ന് ഇവർ വ്യക്തമാക്കി. സാമ്പത്തിക തിരിമറിക്കും വഞ്ചനയ്‌ക്കും കൂട്ടുനിന്ന ബാങ്ക് ഡയറക്ടർ ബോർഡിനും ജീവനക്കാർക്കുമെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. വർഷങ്ങളോളം പ്രവാസ ജീവിത്തതിനു ശേഷമാണ് സായ്‌ലക്ഷ്മിയും കുടുംബവും നാട്ടിൽ സ്ഥിരതാമസമാക്കിയത്.
നിരവധി നിക്ഷേപകർ ഇത്തരം തട്ടിപ്പിന് ഇരയായെങ്കിലും ആദ്യ കാലങ്ങളിൽ പരാതി നൽകാൻ ഇവർ തയ്യാറായില്ല. കാരണം സിപിഎം നിയന്ത്രണത്തിലുളള ബാങ്കിനെതിരെ പരാതി നൽകാൻ പാർട്ടിക്കാരായ സഖാക്കൾ മടിച്ചു. അത് പാർട്ടിക്ക് സമൂഹത്തിൽ ചീത്തപേര് ഉണ്ടാക്കുമെന്ന് അവർ ഭയന്നു. തട്ടിപ്പിന് ഇരയായത് ഭൂരിപക്ഷവും പാർട്ടി അനുഭാവികളാണെന്നതാണ് യാഥാർഥ്യം. അത് കൊണ്ട് കൂടുതൽ തട്ടിപ്പ് നടത്താൻ പാർട്ടികാർക്കും ഭരണസമിതിക്കും പ്രചോദനമായി. ഇക്കാര്യങ്ങൾ സിപിഎം ജില്ലാ നേതൃത്വത്തിനും വ്യക്തമായിരുന്നു. എന്നാൽ നിക്ഷേപകരെ വഞ്ചിക്കുന്ന നിലപാടാണ് പാർട്ടി നേതൃത്വം കൈക്കൊണ്ടത്.
Comments