ലക്നൗ: ശിവഭക്തരുടെ കൻവർ യാത്രയ്ക്ക് സ്വീകരണമൊരുക്കി മുസ്ലീം സമുദായം. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് മത സൗഹാർദ്ദവും ഭാരതത്തിന്റെ സംസ്ക്കാരവും വിളിച്ചോതുന്ന ഹൃദയ സ്പർശിയായ സംഭവം. കൻവർ യാത്ര കടന്നുപോകുന്ന വഴിയിൽ മൊറാദാബാദ് പോലീസ് സ്റ്റേഷന് മുന്നിലായാണ് പോലീസിനൊപ്പം യാത്രയ്‌ക്ക് വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കാൻ മുസ്ലീം സമുദായം എത്തിയത്. തീർത്ഥാടനത്തിന്റെ ഭാഗമായി കാൽനട യാത്രയായി വരുന്ന ശിവ ഭക്തർക്ക് ഭക്ഷണവും കുടിവെള്ളവും ഇവർ ഒരുക്കുകയായിരുന്നു.
കാൽനടയായി എത്തിയ ശിവഭക്തർക്ക് മേൽ പുഷ്മവൃഷ്ടി നടത്തിയാണ് മൊറാദാബാദിലെ മുസ്ലീം സമുദായം ഇവരെ വരവേറ്റത്. പുഷ്പങ്ങൾ വിതറികൊണ്ട് ഇസ്ലാംമത വിശ്വാസികൾ ‘ഹർ ഹർ മഹാദേവ്’, ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേമാതരം’ എന്നിങ്ങനെ മുദ്രാവാക്യം മുഴക്കിയപ്പോൾ മതസൗഹാർദ്ദത്തിന്റെ മനോഹരമായ കാഴ്ചയ്‌ക്കാണ് ജനങ്ങൾ സാക്ഷ്യം വഹിച്ചത്. മുസ്ലീം സമുദായം സ്വീകരിച്ച പ്രവൃത്തിയെ രാഷ്‌ട്രീയ പാർട്ടികളും വിവിധ സമുദായ സംഘടനകളരും അഭിനന്ദിച്ചു. ഈ പ്രവൃത്തിയെ ഗംഗാ ജമുനി തഹ്‌സീബ് എന്ന് ജനങ്ങൾ വിശേഷിപ്പിച്ചു.
ശിവഭക്തരുടെ വാർഷിക തീർഥാടനമാണ് കൻവർ അഥവാ കവാം യാത്ര. ഗംഗാ നദിയിലെ പുണ്യജലം ശേഖരിച്ച് നൂറുകണക്കിന് മൈലുകൾ താണ്ടി തങ്ങളുടെ പ്രാദേശിക ശിവക്ഷേത്രങ്ങളിലോ ഔഘർനാഥ് ക്ഷേത്രം, കാശി വിശ്വനാഥ്, ബൈദ്യനാഥ് തുടങ്ങിയ വലിയ ക്ഷേത്രങ്ങളിലോ സമർപ്പിക്കുന്നതാണ് ആചാരം. തോളുകളിൽ ഇരു വശത്തും തൂക്കിയിട്ടിരിക്കുന്ന കുടങ്ങളിലാണ് ഗംഗാജലം ഭക്തർ കൊണ്ടുപോകുന്നത്. ദശലക്ഷ കണക്കിന് ഭക്തരാണ് കൻവർ യാത്രയിൽ പങ്കെടുക്കുന്നത്. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമാണ് ഭക്തർ കൂടുതലായും എത്തുന്നത്.
Comments