പന്തളം: പന്തളത്ത് ലഹരിമരുന്നുമായി പിടിയിലായ യുവാക്കൾ ഡിവൈഎഫ്‌ഐ നേതാക്കൾ. ഡിവൈഎഫ്‌ഐ പറക്കോട് മേഖലാ ഭാരവാഹി രാഹുൽ ആർ നായർ ആണ് മുഖ്യപ്രതി. ഒപ്പം പിടിയിലായവരിൽ രണ്ടാം പ്രതി ആര്യൻ ഡിവൈഎഫ്‌ഐ പെരിങ്ങനാട് വടക്ക് മേഖലയിലെ വായനശാലാ യൂണിറ്റ് ഭാരവാഹിയും നാലാം പ്രതി ഷിജിൻ കൊടുമൺ മേഖലയിലെ സജീവ ഡിവൈഎഫ്‌ഐ പ്രവർത്തകനുമാണെന്നും പോലീസ് പറയുന്നു.
സംസ്ഥാനത്ത് ഏറ്റവുമധികം അളവിൽ എംഡിഎംഎ എന്ന സിന്തറ്റിക്ക് ലഹരിമരുന്ന് വിൽപ്പന നടത്തിയ സംഘത്തെയാണ് പന്തളത്ത് പിടികൂടിയത്. പിടികൂടിയ 155.9 ഗ്രാം എംഡിഎംഎയ്‌ക്ക് വിപണി വില 12 ലക്ഷം രൂപ വരും. ഇത് ചില്ലറ വിൽപ്പന നടത്തുമ്പോൾ 25കോടിയിൽ അധികം രൂപ ലഭിക്കും. ജില്ലാ പോലീസിന്റെ ഡാൻസാഫ് സംഘമാണ് പന്തളം പോലീസിന്റെ സഹായത്തോടെ ഇവരെ പിടികൂടിയത്.
ലഹരിമരുന്ന് ചെറിയ പായ്‌ക്കറ്റുകളാക്കി വിൽക്കുന്നതിന് കരുതിയിരുന്ന വെയിംഗ് മെഷീൻ പ്രതികളിൽ നിന്നും കണ്ടെടുത്തു. കേസിൽ അന്വേഷണം ഊർജിതമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ് പറഞ്ഞു. മുഖ്യപ്രതി രാഹുൽ ആണ് എംഡിഎംഎ വാങ്ങുന്നതിന് പണം മുടക്കിയതെന്ന് ചോദ്യം ചെയ്യലിൽ ബോധ്യപ്പെട്ടതായും പോലീസ് മേധാവി പറഞ്ഞു.
ലഹരിമരുന്നിന്റെ ഉറവിടം അടൂർ ഡിവൈഎസ്പി ആർ.ബിനുവിന്റെ നേതൃത്വത്തിൽ പന്തളം എസ് എച്ച് ഒ ആർ ശ്രീകുമാർ ഉൾപ്പെട്ട പ്രത്യേക സംഘം അന്വേഷിക്കുമെന്നും എസ്പി പറഞ്ഞു.
തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്നും എസ്പി പറഞ്ഞു.
Comments