കൊല്ലം : കൊല്ലം അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ മലവെളളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു. തമിഴ്നാട് മധുര സ്വദേശി കുമരൻ ആണ് മരിച്ചത്. തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ ചെങ്കോട്ട ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാറക്കെട്ടിൽ തലയിടിച്ച് വീണ ഈറോഡ് സ്വദേശി കിഷോർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഉച്ചയ്ക്കുശേഷം അച്ചൻകോവിൽ വനത്തിൽ ഉരുൾ പൊട്ടിയതിനെ തുടർന്നാണ് മഴവെള്ളപ്പാച്ചിൽ ഉണ്ടായത്. നൂറിലധികം വിനോദസഞ്ചാരികൾ സ്ഥലത്തുണ്ടായിരുന്നു. മഴവെള്ളപ്പാച്ചിലിൽ പെട്ട് കുടുങ്ങിക്കിടന്ന അഞ്ചു പേരെ പോലീസ് രക്ഷപ്പെടുത്തി. ഈ സാഹചര്യത്തിൽ അച്ചൻകോവിലിൽ വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി.
കഴിഞ്ഞ ദിവസം ചെങ്കോട്ട കുറ്റാലം വെള്ളച്ചാട്ടത്തിലും മലവെള്ളപ്പാച്ചിലിൽ ഉണ്ടായി. അപകടത്തിൽ രണ്ടുപേർക്കാണ് ജീവൻ നഷ്ടമായത്. കേരളത്തിൽ തെക്കൻ ജില്ലകളിൽ മഴ ശക്തമായിരിക്കുകയാണ്. കോട്ടയം മീനച്ചിൽ മൂന്നിലവിൽ ഉരുൾ പൊട്ടൽ ഉണ്ടായതോടെ മൂന്നിലവ് ടൗണിൽ വെള്ളം കയറി. ജില്ലയുടെ വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരുകയാണ്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി, പാല, ഇടമറുക് എന്നിവടങ്ങളിലെല്ലാം ശക്തമായ മഴ തുടരുകയാണ്.
Comments