കൊച്ചി: അയത്നലളിതമായ നൃത്തച്ചുവടുകളുമായി വീണ്ടും സാമൂഹിക മാദ്ധ്യമങ്ങളിൽ നിറഞ്ഞ് നടന വിസ്മയം മോഹൻലാൽ. അമ്മ സംഘടനയ്‌ക്ക് വേണ്ടി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയുടെ റിഹേഴ്സൽ ക്യാമ്പിൽ നിന്നുള്ള വീഡിയോ ആണ് സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പ്രായത്തെ വെല്ലുന്ന താളബോധത്തോടെ ലാലേട്ടൻ നൃത്തം ചെയ്യുമ്പോൾ വീഡിയോ പങ്ക് വെക്കാതിരിക്കുന്നത് എങ്ങനെ എന്നാണ് ആരാധകർ ചോദിക്കുന്നത്.
ബാബുരാജ്, കൈലാഷ്, ദിനേശ് പ്രഭാകർ, സുധീർ കരമന, മുന്ന, റംസാൻ, മഞ്ജു പിള്ള, സ്വാസിക വിജയ്, ശ്വേത മേനോൻ, പൊന്നമ്മ ബാബു, തെസ്നി ഖാൻ, പാരീസ് ലക്ഷ്മി, രചന നാരായണൻകുട്ടി, ദേവി ചന്ദന എന്നിവർക്കൊപ്പമാണ് മോഹൻലാൽ നൃത്തം ചെയ്യുന്നത്. കൊച്ചിയിലാണ് പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പ്.
താര സംഘടനയായ അമ്മയിലെ അംഗങ്ങളുടെ പെൻഷൻ തുക അയ്യായിരത്തിൽ നിന്നും പതിനായിരമായി ഉയർത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയ്‌ക്ക് മുന്നോടിയായാണ് മോഹൻലാലിന്റെയും കൂട്ടരുടെയും നൃത്തം. മെഗാ സ്റ്റാർ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ പരിപാടിയുടെ ഭാഗമാണ്.
Comments