ബിർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ തകർപ്പൻ ജയവുമായി ഇന്ത്യ. പൂൾ ബിയിലെ മത്സരത്തിൽ ഘാനയ്‌ക്ക് വല നിറയെ ഗോൾ നൽകിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. 11-0 എന്ന സ്കോറിൽ തികച്ചും ഏകപക്ഷീയമായിരുന്നു ഇന്ത്യയുടെ വിജയം.
ഇന്ത്യക്ക് വേണ്ടി ഹർമൻപ്രീത് സിംഗ് ഹാട്രിക് നേടി. ജുഗ്രാജ് സിംഗ് രണ്ട് ഗോളടിച്ചു. ഘാനയുടെ പ്രതിരോധ നിര കാഴ്ചക്കാരായി മാറിയപ്പോൾ, എന്ത് ചെയ്യണമെന്ന് അറിയാതെ മൈതാനത്ത് ഉഴറി നടക്കുകയായിരുന്നു മത്സരത്തിന്റെ മുഴുവൻ സമയവും ആഫ്രിക്കൻ ടീമിന്റെ മുന്നേറ്റ നിര.
മത്സരത്തിന്റെ ഒന്നാം മിനിറ്റിൽ തന്നെ അഭിഷേക് ഇന്ത്യയുടെ ആദ്യ ഗോൾ നേടി. പെനാൽട്ടി കോർണറിലൂടെ ഹർമൻപ്രീത് സിംഗ് ഇന്ത്യയുടെ രണ്ടാം ഗോൾ വലയിലെത്തിച്ചു. അഭിഷേകും ഷംഷേറും ചേർന്ന് നടത്തിയ മുന്നേറ്റം ഷംഷേറിന്റെ മനോഹരമായ നീക്കത്തോടെ വലയിലെത്തിയപ്പോൾ ഇന്ത്യയുടെ മൂന്നാം ഗോൾ പിറന്നു.
രണ്ടാം പാദത്തിൽ ആകാശ്ദീപ് സിംഗും ജുഗ്രാജ് സിംഗും ഓരോ ഗോൾ നേടിയതോടെ ഇന്ത്യയുടെ ഗോൾ നേട്ടം അഞ്ചിലേക്ക് ഉയർന്നു. മൂന്നാം പാദത്തിൽ ഹർമൻപ്രീത് രണ്ടാം ഗോൾ നേടി. നീലകണ്ഠയിലൂടെ ഇന്ത്യയുടെ ഏഴാം ഗോൾ പിറന്നു. മൂന്നാം പാദത്തിന്റെ അവസാന നിമിഷങ്ങളിൽ പെനാൾട്ടിയിലൂടെ വരുണും മികച്ച മുന്നേറ്റത്തിലൂടെ രണ്ടാം ഗോൾ കണ്ടെത്തിയ ജുഗ്രാജും ചേർന്ന് സ്കോർ 9-0 എന്ന നിലയിലാക്കി.
അവസാന പാദത്തിന്റെ ആദ്യ മിനിട്ടിൽ മൻദീപ് സിംഗ് ഇന്ത്യയുടെ പത്താം ഗോൾ കണ്ടെത്തി. തുടർന്ന് ഹർമൻപ്രീത് തന്റെ ഹാട്രിക് പൂർത്തിയാക്കിയതോടെ, ഘാനയുടെ പതനം പൂർത്തിയായി.
കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇന്നത്തേത്. കാനഡയും ഇംഗ്ലണ്ടും വെയ്ൽസുമാണ് പൂളിലെ മറ്റ് ടീമുകൾ.
Comments