ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണവേട്ട തുടരുന്നു. ഭാരോദ്വഹനത്തിൽ ഇന്ത്യയ്‌ക്ക് മൂന്നാം സ്വർണം ലഭിച്ചു. 313 കിലോ ഭാരം ഉയർത്തിയ അചിന്ത സിയോളിക്കാണ് സ്വർണം. 73 കിലോ ഗ്രാം വിഭാഗത്തിലാണ് അചിന്തയുടെ സ്വർണവേട്ട. ഈ നേട്ടത്തോടെ ഇന്ത്യയ്‌ക്ക് ഇതുവരെ ആറ് മെഡലുകൾ ലഭിച്ചു.
സ്‌നാച്ചിൽ 137 കിലോ ഗ്രാം ഉയർത്തിയ അചിന്ത രണ്ടാം ശ്രമത്തിൽ 140 കിലോ ഭാരം എടുത്തുയർത്തി. മൂന്നാം ശ്രമത്തിൽ 143 കിലോയാണ് അദ്ദേഹത്തിന് ഉയർത്താനായത്. കോമൺവെൽത്ത് ഗെയിംസിൽ റെക്കോർഡ് രേഖപ്പെടുത്തിയ മൂന്നാം പരിശ്രമമാണ് ഭാരോദ്വഹനത്തിൽ അദ്ദേഹത്തിന് നിർണായകമായത്. ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ അചിന്ത 166 കിലോ ഭാരം ആദ്യ ശ്രമത്തിൽ ഉയർത്തി. രണ്ടാം ശ്രമം പരാജയപ്പെട്ടെങ്കിലും മൂന്നാം ശ്രമത്തിൽ 170 കിലോ ഭാരം ഉയർത്താൻ അചിന്തയ്‌ക്ക് കഴിഞ്ഞു. ഇതോടെയാണ് ആകെ 313 കി.ഗ്രാം (143+170) ഉയർത്തിയ അചിന്ത സ്വർണം നേടിയത്.
നേരത്തെ ഇന്ത്യ കരസ്ഥമാക്കിയ രണ്ട് സ്വർണ മെഡലുകളും ഭാരോദ്വഹനത്തിൽ തന്നെയായിരുന്നു. 67 കിലോ ഗ്രാം വിഭാഗത്തിൽ ജെറമി ലാൽറിൻനുങ്കയും (ഉയർത്തിയത് 300 കിലോ ഗ്രാം ഭാരം) 49 കിലോ ഗ്രാം വിഭാഗത്തിൽ മീരാബായ് ചാനുവുമാണ് (ഉയർത്തിയത് 201 കിലോ ഗ്രാം ഭാരം) സ്വർണം നേടിയത്. സാങ്കേത് മഹാദേവും ബിന്ധ്യാറാണി ദേവിയും വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു. ഗുരുരാജ പൂജാരി വെങ്കല മെഡലും ഭാരോദ്വഹനത്തിൽ കരസ്ഥമാക്കി.
Comments