ഇടുക്കി : തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളം കൊണ്ട് പോകുന്നത് തമിഴ്‌നാട് നിർത്തി. രാവിലെ 11 മണിക്കാണ് വെള്ളം കൊണ്ട് പോകുന്നതിനായുള്ള ടണൽ തമിഴ്‌നാട് അടച്ചത്. 134.25 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. 13.75 അടിയാണ് റൂൾ കർവ് അനുസരിച്ച് സംഭരിക്കാനാകുക. ഇടുക്കിയിൽ കനത്ത മഴ തുടരുന്നതിനിടെയാണ് തമിഴ്‌നാടിന്റെ നടപടി.
ടണലിന് മുന്നിലുള്ള ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് ടണൽ അടച്ചത് എന്നാണ് സംഭവത്തിൽ തമിഴ്‌നാട് നൽകുന്ന വിശദീകരണം. എന്നാൽ എത്ര ദിവസം കൊണ്ട് ഈ പണികൾ പൂർത്തിയാക്കും എന്ന കാര്യത്തിൽ വ്യക്തത ഇല്ല. നിലവിലെ റൂൾ കർവ് അനുസരിച്ച് വരുന്ന പത്താം തീയതി വരെ 137. 5 അടി വെള്ളം തമിഴ് നാടിന് സംഭരിക്കാൻ കഴിയും.
ഇടുക്കി ജില്ലയിൽ അടുത്ത നാല് ദിവസം റെഡ് അലർട്ടാണ്.അതിതീവ്ര മഴക്കാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 1800 ഘന അടിയോളം വെള്ളമാണ് ഡാമിലേക്ക് നിലവിൽ ഒഴുകി എത്തുന്നത്. തമിഴ്‌നാട് വെള്ളം കൊണ്ട് പോകുന്നത് നിർത്തിയതോടെ ഡാമിൽ വെള്ളം ഇനിയും ഉയരും.
അതേസമയം വെള്ളം ക്രമാതീതമായി വർദ്ധിച്ചാൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തി ഒഴുകി വരുന്ന വെള്ളം കൂടുതൽ അളവിൽ പെരിയാറിലേക്ക് ഒഴുക്കി വിടേണ്ട സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
Comments