തൃശൂർ : കനത്ത മഴയ്ക്കിടെ ചാലക്കുടി പുഴയിൽ ആന ഒഴുക്കിൽപ്പെട്ടു. പിള്ളപ്പാറ മേഖലയിലാണ് സംഭവം. ഇന്ന് രാവിലെയോടെയാണ് ആന ഒഴുക്കിൽപ്പെട്ടത്. കരയിലേക്ക് കയറാൻ ഏറെ നേരം പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. കുത്തനെ ഒഴുകിവന്ന വെള്ളത്തിലൂടെ ആന നടന്നുനീങ്ങി. മണിക്കൂറുകൾക്ക് ശേഷമാണ് ഇതിന് കരയിലേക്ക് കയറാനായത്.
അതേസമയം ചാലക്കുടി മേഖലയിൽ മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്നാണ് നിർദ്ദേശം. പുഴയിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടെ രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു.
ആലുവയിലെ വിവിധ ഭാഗങ്ങളിലും വെള്ളം കയറി. ആലുവ മണപ്പുറവും ശിവക്ഷേത്രത്തിന്റെ മുക്കാൽ ഭാഗവും മൂങ്ങിക്കഴിഞ്ഞു. ജലനിരപ്പ് ഉയർന്നു തുടങ്ങിയാൽ പ്രദേശത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്ന് അറിയിപ്പുണ്ട്.
സംസ്ഥാനത്ത് ഇന്നും മഴ കനക്കും. വരും മണിക്കൂറുകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. സംസ്ഥാനത്ത് പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments