കാബൂൾ: അൽ ഖ്വായ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയ വിവരം കഴിഞ്ഞ ദിവസമാണ് അമേരിക്കൻ പ്രസിഡന്റ് ലോകത്തെ അറിയിച്ചത്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ കൃത്യമായ നിരീക്ഷണം നടത്തിയതിന് ശേഷമാണ് സവാഹിരിയെ ഒരു ഈച്ച പോലും അറിയാതെ വധിച്ചത്. ഇതിനായി ഏറെ നാൾ നിരീക്ഷണം നടത്തിയതിന് ശേഷമാണ് സവാഹിരിയെ രക്ഷപെടാൻ പഴുതുകളൊന്നുമില്ലാത്ത നിലയിൽ കൊലപ്പെടുത്താൻ അമേരിക്കക്കായത്.
സവാഹിരിയുടെ ഒരു ദൈനംദിന ശീലമാണ് കൊലപാതക സമയം തിരഞ്ഞെടുക്കാൻ അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത്. കാബൂളിൽ ഒളിവിൽ കഴിഞ്ഞിരുന്ന വീടിന്റെ ബാൽക്കണിയിൽ എന്നും അതിരാവിലെ തന്നെ വായനയ്‌ക്കായി സവാഹിരി എത്തുമായിരുന്നു. ഒറ്റയ്‌ക്ക് ഇരുന്ന് ഏറെ നേരം വായിക്കുന്നതായിരുന്നു ശീലം. ഇതോടെയാണ് ഈ സമയം തന്നെ കൃത്യം നടത്താനായി ഉദ്യോഗസ്ഥർ തിരഞ്ഞെടുത്തത്.
കാബൂളിലെ ഒരു വീട്ടിൽ സവാഹിരി തന്റെ കുടുംബവുമൊത്ത് കഴിയുന്നുണ്ടെന്ന വിവരം അമേരിക്കൻ ചാരക്കണ്ണുകൾ മാസങ്ങൾക്ക് മുൻപ് തന്നെ കണ്ടെത്തിയിരുന്നു. ‘ ഈ വീട്ടിലെ ബാൽക്കണിയിൽ സ്ഥിരമായി നിശ്ചിത സമയങ്ങളിൽ സവാഹിരി ചെലവഴിക്കാറുണ്ടെന്ന കണ്ടെത്തലാണ് ആക്രമണത്തിൽ നിർണ്ണായകമായതെന്ന്’ ഒരു ഉന്നത ഉദ്യോഗസ്ഥനും വെളിപ്പെടുത്തിയിരുന്നു. ആക്രമണ സമയത്ത് സവാഹിരിയുടെ കുടുംബാംഗങ്ങളും ഈ വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ഇവർക്കാർക്കും അപായമുണ്ടായതായി വിവരമില്ല.
ലോകമെമ്പാടും നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായിരുന്നു സവാഹിരി. 2011ല്‍ ഉസാമ ബിന്‍ ലാദനെ അമേരിക്ക വധിച്ചതിന് ശേഷം അല്‍ ഖ്വായ്ദയുടെ തലപ്പത്തേക്ക് സവാഹിരി എത്തുകയായിരുന്നു. ഇയാള്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെങ്കിലും, ഇതിന് പിന്നാലെ വീഡിയോ സന്ദേശങ്ങളുമായി സവാഹിരി വീണ്ടും രംഗത്ത് വന്നിരുന്നു. സെപ്തംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം കൂടാതെ 1998ല്‍ ടാന്‍സാനിയയിലും കെനിയയിലും യുഎസ് എംബസികള്‍ ലക്ഷ്യമാക്കി നടന്ന ബോംബ് ആക്രമണങ്ങളിലും സവാഹിരിക്ക് പങ്ക് ഉണ്ടായിരുന്നു.
Comments