തൃശൂർ: അടുത്ത ഒരു മണിക്കൂർ ചാലക്കുടിയിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ചാലക്കുടി പുഴയിലെ ജലനിരപ്പ് വളരെയധികം ഉയരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. ഷോളയാർ ഡാമിൽ വെള്ളം ഉയർന്നതോടെ അണക്കെട്ട് തുറക്കേണ്ട നിലയിലാണ്. പെരിങ്ങൽക്കുത്ത് ഡാമിലെ വെള്ളവും കൂടിയാകുന്നതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് കുത്തനെ ഉയർന്നേക്കും.
2018ൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സമീപ പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായിരുന്നു. ഇത്തരത്തിൽ പ്രളയത്തിൽ മുങ്ങിയ സ്ഥലങ്ങളിലുള്ളവർ എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്നാണ് നിർദേശം. ചാലക്കുടി പുഴയിൽ ഒരു മീറ്ററിലധികം വെള്ളം ഇനിയും ഉയർന്നേക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
തൃശൂർ ജില്ലയിൽ റെഡ് അലർട്ട് തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. തീരപ്രദേശത്ത് നിന്നും നദികളുടെ സമീപത്ത് നിന്നും ജനങ്ങൾ നിർബന്ധമായും മാറി താമസിക്കണം.
സംസ്ഥാനത്താകെ എട്ട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. മധ്യകേരളത്തിൽ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരത്ത് യെല്ലോ അലർട്ടുമാണ്.
Comments