മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ശിവസേന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യക്കും നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പത്ര ചാൾ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവത്തിനോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സഞ്ജയ് റാവത്തിന്റെ റിമാൻഡ് നീട്ടാൻ കോടതി ഉത്തരവിട്ട് മണിക്കൂറുകൾക്കുള്ളിലാണ് വർഷ റാവത്തിന് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.
വർഷ റാവത്തിന്റെ ബാങ്ക് അക്കൗണ്ടുകളിലൂടെ ഭൂമി ഇടപാടുമായ ബന്ധപ്പെട്ട ക്രയവിക്രയങ്ങൾ നടന്നു എന്ന് ഇഡി കണ്ടെത്തിയിരുന്നു. 1.08 കോടി രൂപ ഇത്തരത്തിൽ അനധികൃതമായി വർഷയുടെ അക്കൗണ്ടിൽ എത്തി എന്ന് ഇഡി കണ്ടെത്തിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
1034 കോടി രൂപയുടെ അഴിമതിക്ക് കളമൊരുങ്ങിയ പത്ര ചാൾ ഭൂമി കുംഭകോണ കേസിലാണ് സഞ്ജയ് റാവത്ത് അറസ്റ്റിലായിരിക്കുന്നത്. കേസിൽ, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വർഷ റാവത്തിന്റെ പതിനൊന്നര കോടി രൂപയുടെ സ്വത്തുക്കൾ ഏപ്രിൽ മാസത്തിൽ ഇഡി കണ്ടുകെട്ടിയിരുന്നു. സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായി പ്രവീൺ റാവത്തിന്റെ സ്വത്തുക്കളും ഇത്തരത്തിൽ ഇഡി കണ്ടുകെട്ടിയിരുന്നു.
Comments