ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ കോൺഗ്രസ് ഭയപ്പെടുന്നത് എന്തിനാണെന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്ര. നിയമം എല്ലാവർക്കും ഒരേ പോലെയാണ്. നിയമത്തെ ഭയക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മല്ലികാർജ്ജുൻ ഖാർഗെയെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചപ്പോൾ നിഷേധാത്മകമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് ഓഫീസിൽ എത്താൻ കഴിയുമെങ്കിൽ എന്തു കൊണ്ട് അദ്ദേഹത്തിന് ഇഡി ഓഫീസിൽ എത്താൻ സാധിക്കുന്നില്ല എന്നും സംബിത് പത്ര ചോദിച്ചു.
കോൺഗ്രസിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ ഹെറാൾഡ് ബിൽഡിംഗിലെ യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് ഓഫീസ് കഴിഞ്ഞ ദിവസം ഇഡി പൂട്ടി മുദ്ര വെച്ചിരുന്നു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വീടുകൾക്ക് മുന്നിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ലഖ്നൗ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം ഇഡി റെയ്ഡുകൾ നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഓഫീസ് പൂട്ടി മുദ്ര വെച്ചത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും അഴിമതിക്കേസിൽ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു നടപടി.
Comments