ജെറുസലേം: ബീജത്തിന്റെ സഹായമില്ലാതെ കൃത്രിമ ഭ്രൂണം നിർമ്മിച്ചെടുത്ത് ശാസ്ത്രജ്ഞർ. ഇസ്രായേലിലെ വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് നിർണ്ണായക കണ്ടുപിടുത്തത്തിന് പിന്നിൽ. പെട്രി ഡിഷിൽ വളർത്തിയെടുത്ത സ്റ്റെം സെല്ലുകൾ ഉപയോഗിച്ചാണ് ഗർഭാശയത്തിന് പുറത്ത് ബീജസങ്കലനത്തിന്റെ ആവശ്യമില്ലാതെ ആദ്യത്തെ സിന്തറ്റിക് ഭ്രൂണം വികസിപ്പിച്ചെടുത്തത്.
ബീജസങ്കലനം നടക്കാത്ത അണ്ഡങ്ങൾ ഉപയോഗിച്ച് ബീജത്തിന്റെ സഹായമില്ലാതെയാണ് ഭ്രൂണം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പെട്രി ഡിഷിൽ വളർത്തിയെടുത്ത എലിയുടെ സ്റ്റെം സെല്ലുകളാണ് ഭ്രൂണം വികസിപ്പിക്കാൻ ഗവേഷക സംഘം ഉപയോഗിച്ചത്.
പല കോശങ്ങളായി സ്വയം വിന്യസിക്കാനുള്ള കോശങ്ങളുടെ കഴിവാണ് ഗവേഷണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതിനെ സഹായിക്കാനായി ഗർഭപാത്രത്തിലെ പ്ലസെന്റയിലുള്ള പോലത്തെ അന്തരീക്ഷം കോശങ്ങൾക്ക് പോഷകങ്ങൾ നൽകുന്നതിനായി ഒരുക്കിയെന്ന് വെയ്സ്മാൻസ് മോളിക്കുലർ ജനറ്റിക് ഡിപ്പാർട്ട്മെന്റിലെ ഗവേഷണ സംഘത്തിന്റെ തലവനായ പ്രൊഫസർ ജേക്കബ് ഹന്ന വെളിപ്പെടുത്തി.
നിർമ്മിച്ചെടുത്ത ഈ സിന്തറ്റിക് ഭ്രൂണങ്ങൾ 8.5 ദിവസത്തോളം വികസിച്ചിരുന്നു. എലിയുടെ ഗർഭകാലം 20 ദിവസമാണന്നിരിക്കയാണ് ഈ നേട്ടം. എലിയുടെ പ്രകൃതിദത്ത ഭ്രൂണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, സിന്തറ്റിക് മോഡലുകൾ ആന്തരിക ഘടനകളുടെ ആകൃതിയിലും വ്യത്യസ്ത കോശ തരങ്ങളുടെ ജീൻ എക്സ്പ്രഷൻ പാറ്റേണുകളിലും 95 ശതമാനം സാമ്യം കാണിക്കുന്നുണ്ട്. ഭ്രൂണത്തിൽ ഹൃദയമിടിപ്പും തലച്ചോറിന്റെ വികാസവും ന്യാഡീവ്യൂഹത്തിന്റെ വളർച്ചയും കുടൽ വളർന്നതുമെല്ലാം പ്രതീക്ഷയുണർത്തുന്നതായി ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
ഈ പരീക്ഷണത്തിലൂടെ സ്വാഭാവിക ഭ്രൂണങ്ങളുടെ വികാസ സമയത്ത് അവയവങ്ങളും കോശങ്ങളും എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ സാധിക്കും. ഇതിലൂടെ പുതിയ അവയവങ്ങളും കോശങ്ങളും ശരീരത്തിന് പുറത്ത് നിർമ്മിക്കാൻ കഴിയുന്ന തരത്തിലേക്ക് മനുഷ്യന് വളരാനാവും. ഇത് അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് മാത്രമല്ല, മുഴുവൻ വൈദ്യശാസ്ത്രരംഗത്തിനും ഒരു കുതിച്ചു ചാട്ടത്തിനും കാരണമാകും.
Comments