ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 8 മണിക്കൂർ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഇഡിയുടെ നോട്ടീസ് പ്രകാരം ഉച്ചയ്‌ക്ക് 12.30ഓടെ ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് എത്തിയ ഖാർഗെയെ ഏകദേശം ഒൻപത് മണി വരെയാണ് ചോദ്യം ചെയ്തത്. ഖാർഗെയെ ചോദ്യം ചെയ്തതിനെതിരെ പ്രതിഷേധവുമായി ജയറാം രമേശ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
കോൺഗ്രസ് പാർട്ടിയെ കരിവാരി തേക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് തന്റെ ചോദ്യം ചെയ്യൽ എന്ന് മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഖാർഗെയെ ചോദ്യം ചെയ്ത ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം മൊഴി രേഖപ്പെടുത്തിയിരുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും വയനാട് എം പി രാഹുൽ ഗാന്ധിയെയും നേരത്തേ ഇഡി ചോദ്യം ചെയ്തിരുന്നു. ഡൽഹിയിലെ നാഷണൽ ഹെറാൾഡ് ഓഫീസ് കഴിഞ്ഞ ദിവസം ഇഡി പൂട്ടി മുദ്ര വെച്ചിരുന്നു. ഇഡിയുടെ മുൻകൂർ അനുമതി ഇല്ലാതെ ഇനി ഓഫീസ് തുറക്കരുതെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരിക്കുകയാണ്.
Comments