ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി മേഖലകളിൽ മുസ്ലീം ജനസംഖ്യ വർദ്ധിക്കുന്നതായി കണക്കുകൾ. ഇന്ത്യ- നേപ്പാൾ, ഇന്ത്യ-ഭൂട്ടാൻ അതിർത്തി മേഖലകളിൽ മുസ്ലീം കുടുംബങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്നാണ് അസം, യുപി പോലീസിന്റെ റിപ്പോർട്ടുകൾ. ഇവിടങ്ങളിൽ അനധികൃതമായി നിരവധി മസ്ജിദുകളും, മദ്രസകളും നിർമ്മിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
ഗ്രാമ പഞ്ചായത്ത് സെൻസസിലെ കണക്കുകളാണ് അവലോകനത്തിന് ശേഷം ഇരു സംസ്ഥാനങ്ങളിലെയും പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇത് പ്രകാരം അതിർത്തി മേഖലകളിലെ മുസ്ലീം ജനസംഖ്യയിൽ 32 ശതമാനം വർദ്ധനവുണ്ടെന്ന് വ്യക്തമാകുന്നു. ഇത് ദേശീയ ശരാശരിയേക്കാൾ 15 ശതമാനം കൂടുതലാണ്. അതിർത്തി മേഖലകളിൽ ഭൂമി കയ്യേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇത്തരം കയ്യേറ്റവും ജനസംഖ്യയിലെ വർദ്ധനവും രാജ്യസുരക്ഷ സംബന്ധിച്ച് ആശങ്കയുളവാക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളും കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്.
പിലിഭിത്ത്, സിദ്ധാർത്ഥ് നഗർ, ഖേരി, ബൽറാംപൂർ, മഹാരാജ്ഗഞ്ച്, ബഹ്രയ്ച്ച് തുടങ്ങിയ യുപിയുടെ അതിർത്തി മേഖലകളോട് ചേർന്നാണ് മുസ്ലീം ജനസംഖ്യ വർദ്ധിക്കുന്നത്. യുപി- നേപ്പാൾ അതിർത്തി മേഖലകളിലായി ഏകദേശം 300 ഓളം ഗ്രാമങ്ങളുണ്ട്. കഴിഞ്ഞ വർഷങ്ങളിലായി ഇവിടുത്തെ മുസ്ലീം ജനസംഖ്യയിൽ 30 ശതമാനത്തിന്റെ വർദ്ധന ഉണ്ടായിട്ടുണ്ട്.
അസമിലെ ദുബ്രി, കരീംഗഞ്ച്, തെക്കൻ സൽമാറ, കച്ചാർ എന്നിവയോട് ചേർന്ന് കിടക്കുന്ന മേഖലകളിലും സ്ഥിതി സമാനമാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ ഇവിടെ മദ്രസകളുടെയും, മസ്ജിദുകളുടെയും എണ്ണത്തിൽ 25 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2018 ൽ ഇവിടെ 1349 മസ്ജിദുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ഇത് 1688 ആണ്. രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി മേഖലകളിലും സ്ഥിതി വിഭിന്നമല്ലെന്നാണ് റിപ്പോർട്ടുകൾ.
അയൽ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റമാണ് അതിർത്തി മേഖലകളിലെ പെട്ടെന്നുള്ള ജനസംഖ്യാ വർദ്ധനവിന് കാരണമെന്നാണ് നിഗമനം. ഇതിന് പിന്നിൽ ഭീകര സംഘടനകളുടെ ഗൂഢാലോചനയുണ്ടെന്നും സംശയിക്കുന്നു. അതിർത്തിയിൽ മുസ്ലീം ജനസംഖ്യ അസ്വാഭാവികമായി വർദ്ധിക്കുന്നതിനെ ആശങ്കയോടെയാണ് പോലീസ് കാണുന്നത്.
Comments