സിൻഡിക്കേറ്റിനെ ഒഴിവാക്കി ചട്ടവിരുദ്ധമായ നടപടിയിലൂടെ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അനുവദിച്ച കോളേജ് ഹൈക്കോടതി സ്റ്റേ ചെയ്തു. കാസർഗോഡ് ജില്ലയിൽ പടന്നയിൽ ടി കെ സി എജുക്കേഷൻ സൊസൈറ്റിക്ക് അനുവദിച്ച പുതിയ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ 15 ദിവസത്തേക്ക് സ്റ്റേ ചെയ്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്.
ഷറഫ് ആർട്‌സ് അന്റ് സയൻസ് കോളേജ് കമ്മിറ്റിയാണ് വിസിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. വൈസ്ചാൻസലറുടെ നടപടിയെ സാധൂകരിച്ചു കൊണ്ട് സർക്കാർ നൽകിയ എൻഒസിയും ഇതോടെ മരവിപ്പിക്കപ്പെട്ടു. സ്വാശ്രയ കോളേജ് തുടങ്ങുവാൻ ആവശ്യമായ യുജിസി റെഗുലേഷൻ പ്രകാരം ഉള്ള അഞ്ച് ഏക്കർ ഭൂമി പ്രസ്തുത കോളേജിന് ഇല്ല. ഉള്ള ഭൂമി നിർമാണപ്രവർത്തനങ്ങൾക്ക് യോഗ്യമല്ലെന്നും, ചട്ടവിരുദ്ധമായ നടപടിക്ക് കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരു മന്ത്രിയുടെ മുൻ സിൻഡിക്കേറ്റ് അംഗമായ പേഴ്‌സണൽ സെക്രട്ടറിയുടെ സമ്മർദ്ദം വിസി യുടെ മേൽ ഉണ്ടായിരുന്നതായി ആരോപണമുയർന്നിരുന്നു.
അതിനിടെ അന്തിമ അഫിലിയേഷൻ ഉത്തരവ് യൂണിവേഴ്‌സിറ്റി നൽകുന്നതിനുമുൻപ് തന്നെ അധ്യാപകരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം കോളേജ് ഭരണസമിതി പുറപ്പെടുവിച്ചു. സർവ്വകലാശാല ചട്ടപ്രകാരം വിഷയ വിദഗ്ധരുടെ പരിശോധന ഒഴിവാക്കി വിസി നേരിട്ട് അഞ്ച് കോഴ്സുകൾക്ക് അനുമതി നൽകുകയായിരുന്നു. വിസി ഏകപക്ഷീയമായും ചട്ട വിരുദ്ധമായും കോളേജിന് അംഗീകാരം നൽകിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ നൽകിയ പരാതി ഗവർണറുടെ അടിയന്തിര പരിഗണയിലാണ്.
Comments