ന്യൂഡൽഹി: നെഹ്രു കുടുംബത്തെ അഴിമതി കേസുകളിൽ നിന്നും രക്ഷിക്കാനുള്ള നാടകമാണ് ഡൽഹിയിലെ തെരുവുകളിൽ കോൺഗ്രസ് നടത്തുന്നതെന്ന് ബിജെപി. തെരുവിൽ നാടകം കളിച്ചാലൊന്നും രാജ്യത്തെ കൊള്ളയടിച്ചവർക്ക് നിയമത്തിന്റെ കൈയ്യിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. രാഹുലിന്റെയും സോണിയയുടെയും നേതൃത്വത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോൽക്കുന്നതിന് ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിച്ചിട്ട് കാര്യമില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇന്ത്യൻ ജനാധിപത്യം മരിക്കുകയാണ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ രാഹുലിന്റെ മുത്തശ്ശി ഇന്ദിര ഗാന്ധിയാണ് ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളെ മരവിപ്പിച്ചതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. രാഹുലിന്റെ പാർട്ടിയായ കോൺഗ്രസിൽ ജനാധിപത്യം ഉണ്ടായിരുന്നുവെങ്കിൽ നെഹ്രു കുടുംബത്തിന് ചുറ്റും കറങ്ങി തിരിയേണ്ട അവസ്ഥ അവർക്ക് ഉണ്ടാകുമായിരുന്നില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
ജനാധിപത്യ ബോധമുണ്ടെങ്കിൽ നാഷണൽ ഹെറാൾഡ് അഴിമതിക്ക് രാഹുൽ ഗാന്ധി വ്യക്തമായ മറുപടി നൽകണം. രാഹുലിനും സോണിയക്കും 76 ശതമാനം വിഹിതമുള്ള യംഗ് ഇന്ത്യൻ കമ്പനി, 5 ലക്ഷം രൂപ നിക്ഷേപം ഉപയോഗിച്ച് എങ്ങനെയാണ് അയ്യായിരം കോടി മൂല്യം വരുന്ന നാഷണൽ ഹെറാൾഡിന്റെ ആസ്തികൾ സ്വന്തമാക്കിയത് എന്ന് കോൺഗ്രസ് വെളിപ്പെടുത്തണം. കോടതിയിൽ പോലും തിരിച്ചടി നേരിട്ടതിന്റെ ജാള്യത മറയ്‌ക്കാനാണ് രാഹുലും സംഘവും തെരുവിൽ പ്രകടനങ്ങൾ നടത്തുന്നത്. അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ എന്തൊക്കെ അഭ്യാസങ്ങൾ കാണിച്ചാലും രാഹുൽ ഗാന്ധിയും സംഘവും ശിക്ഷയിൽ നിന്നും രക്ഷപ്പെടില്ലെന്നും മുൻ നിയമ മന്ത്രിയായിരുന്ന രവിശങ്കർ പ്രസാദ് പറഞ്ഞു.
Comments